
വിവാഹ വേദിയിൽ എസിയില്ല; വിവാഹത്തിൽ നിന്നും വധു പിന്മാറി
കാലം വല്ലാതെ മാറി. ഇന്ന് ഒരു ബന്ധം വിവാഹത്തിലേക്ക് എത്താൻ ഏറെ കടമ്പകൾ കടക്കേണ്ടതുണ്ട്. വിവാഹ വേദികളിൽ പോലും ബന്ധങ്ങൾ ഇല്ലാതാവുന്ന കാഴ്ച സാധാരണമായിക്കഴിഞ്ഞു. ചില സന്ദർഭങ്ങളിൽ കാരണങ്ങൾ എത്ര നിസാരമെന്ന് തോന്നാമെങ്കിലും അവയ്ക്കു പിന്നിലും ഓരോ ആളുകളുടെ ജീവിതത്തെക്കുറിച്ചുള്ള ഭയം ഒളിഞ്ഞിരിക്കുന്നു എന്നതാണ് വാസ്തവം.
ഇപ്പോഴിതാ ഉത്തർ പ്രദേശിൽ നിന്ന് അത്തരത്തിലൊരു വാർത്ത വരുന്നുണ്ട്. വിവാഹ വേദിയിൽ എസി ഇല്ലെന്ന കാരണത്താൽ വധു വിവാഹത്തിൽ നിന്നു പിന്മാറുകയായിരുന്നു. വരന്‍റെ കുടുംബം ബുക്ക് ചെയ്ത കല്യാണ മണ്ഡപത്തില്‍ എയർകണ്ടീഷന്‍ ഇല്ലെന്നായിരുന്നു വധുവിന്‍റെ കുടുംബത്തിന്‍റെ പരാതി.
എന്നാൽ, വരന്‍റെ കുടുംബം സ്ത്രീധന കാര്യത്തിൽ വാശി പിടിച്ചതിനാലാണ് എസി ഒരു പ്രശ്നമായി ഉയർന്നു വന്നതെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.
കഴിഞ്ഞ ശനിയാഴ്ചയായിരുന്നു വിവാഹം നടത്താൻ നിശ്ചയിച്ചിരുന്നത്. വിവാഹ വേദിയില്‍ വച്ച് ചൂട് മൂലം വധു അസ്വസ്ഥയായിരുന്നു. എസി വേണമെന്ന് വധുവിന്‍റെ കുടുംബം വരന്‍റെ കുടുംബത്തോട് ആവശ്യപ്പെട്ടെങ്കിലും നിരസിക്കുകയായിരുന്നു. ഇത് വാഗ്വാദത്തിലേക്ക് നീങ്ങുകയും ചെയ്തു. പ്രശ്നം രൂക്ഷമാകുന്നതിനിടെ വധു വിവാഹത്തില്‍ നിന്നു പിന്മാറിയെന്ന് അറിയിച്ച് കൊണ്ട് മണ്ഡപത്തില്‍ നിന്ന് ഇറങ്ങിപ്പോയെന്ന് റിപ്പോര്‍ട്ടുകൾ പറയുന്നത്.
ഇത്തരമൊരു വിവാഹം കഴിച്ചാൽ തന്‍റെ ജീവിതം നരകതുല്യമാവുമെന്നാണ് വധു പറയുന്നത്. പൊലീസ് ഒത്തുതീർപ്പിനു ശ്രമിച്ചെങ്കിലും വധു വഴങ്ങിയില്ല. ഇതിനിടെ സ്ത്രീധനം ആവശ്യപ്പെട്ടെന്നാരോപിച്ച് വധുവിന്‍റെ അമ്മ വരന്‍റെ കുടുംബത്തിനെതിരേ പരാതി നൽകിയിട്ടുണ്ട്. വിവാഹത്തിനു ചെലവായ തുക വധുവിന്‍റെ കുടുംബം നൽകിയതോടെ വരന്‍റെ കുടുംബം തിരികെ പോയെന്നാണ് വിവരം.