
ചെന്നൈ: തമിഴ്നാട്ടിൽ ആധിപത്യമുറപ്പിക്കാനുള്ള ശ്രമങ്ങൾക്ക് ബിജെപിയുടെ ശ്രമങ്ങൾക്ക് തിരിച്ചടി. ബിജെപിയുമായി സഖ്യമില്ലെന്ന് വ്യക്തമാക്കി എഐഎഡിഎംകെ. പാർട്ടിയുടെ മുതിർന്ന നേതാവ് ഡി. ജയകുമാർ ആണ് ഇക്കാര്യം വ്യക്തമാക്കിയത്. തെരഞ്ഞെടുപ്പു കാലത്ത് സഖ്യവുമായി ബന്ധപ്പെട്ട ഭാവി പരിപാടികൾ വ്യക്തമാക്കുമെന്നും ജയകുമാർ പറഞ്ഞു. ദ്രവീഡിയൻ നേതാവും തമിഴ്നാട്ടിലെ മുൻ മുഖ്യമന്ത്രിയുമായിരുന്ന സി.എൻ. അണ്ണാദുരൈയ്ക്കെതിരേയുള്ള പ്രസ്താവനയിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. അണ്ണാമലൈയെ രൂക്ഷമായി വിമർശിച്ചു കൊണ്ടാണ് ജയകുമാർ ബിജെപിയുമായി സഖ്യമില്ലെന്ന് പ്രഖ്യാപിച്ചത്.
മുൻ മുഖ്യമന്ത്രിക്കെതിരേയുള്ള പ്രസ്താവന അണികൾക്ക് സഹിക്കാനാകുന്നതല്ല. ബിജെപി പ്രവർത്തകർ എത്ര തന്നെ ആഗ്രഹിച്ചാലും അണ്ണാമലൈ ഇത്തരത്തിലൊരു സഖ്യം ആഗ്രഹിക്കുന്നില്ലെന്നതാണ് യാഥാർഥ്യം. നമ്മുടെ നേതാക്കളെക്കുറിച്ച് മോശം പരാമർശങ്ങൾ നടത്തുന്നവരെ എന്തിന് ചുമക്കണം. ബിജെപിക്ക് ഇവിടെ കാലു കുത്താൻ സാധിക്കില്ലെന്നും ജയകുമാർ പറഞ്ഞു. സഖ്യം പ്രധാനപ്പെട്ടതു തന്നെയാണെങ്കിലും ബിജെപി ആരുടെയും അടിമ അല്ലെന്ന് അണ്ണാമലൈ പ്രതികരിച്ചു.