ക്ലീൻ ചിറ്റ് നൽകിയിട്ടില്ലെന്ന് കേന്ദ്ര സർക്കാർ; ബൈജൂസിനെതിരെ അന്വേഷണം തുടരും

കുറ്റ വിമുക്തമാക്കിയെന്ന റിപ്പോർട്ടുകൾ വസ്തുതാപരമായി തെറ്റും തെറ്റിദ്ധരിപ്പിക്കുന്നതുമാണെന്ന് കേന്ദ്രം
No clean chit for Byju's says Centre
ക്ലീൻ ചിറ്റ് നൽകിയിട്ടില്ലെന്ന് കേന്ദ്ര സർക്കാർ; ബൈജൂസിനെതിരെ അന്വേഷണം തുടരും

ജിബി സദാശിവൻ

കൊച്ചി: ബൈജൂസിന് ക്ലീൻ ചിറ്റ് നൽകിയെന്ന വാർത്ത നിഷേധിച്ച് കേന്ദ്ര സർക്കാർ. ബൈജൂസിനെതിരെ അന്വേഷണം തുടരുകയാണെന്നും കമ്പനികാര്യ വകുപ്പ് അറിയിച്ചു. തകർച്ചയിലായ എജ്യു-ടെക് സ്ഥാപനമായ ബൈജൂസ് കമ്പനി സാമ്പത്തിക തട്ടിപ്പ് നടത്തിയിട്ടില്ലെന്നും പ്രതിസന്ധിക്ക് കാരണം മാനേജ്‌മെന്‍റിന്‍റെ പിടിപ്പ് കേടെന്നും കേന്ദ്ര കോർപ്പറേറ്റ് കാര്യമന്ത്രാലയം നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയെന്ന തരത്തിൽ വാർത്ത വന്നിരുന്നു. സാമ്പത്തിക വാർത്താ ഏജൻസിയായ ബ്ലൂംബർഗാണ് അന്വേഷണ റിപ്പോർട്ടെന്ന തരത്തിൽ വാർത്ത നൽകിയത്. ഈ വാർത്തയാണ് കേന്ദ്ര കമ്പനികാര്യ വകുപ്പ് നിഷേധിച്ചത്.

ബൈജൂസിലെ സാമ്പത്തിക തട്ടിപ്പിൽ അന്വേഷണം തുടരുകയാണെന്ന് കമ്പനി കാര്യവകുപ്പ് അറിയിച്ചു. കുറ്റ വിമുക്തമാക്കിയെന്ന റിപ്പോർട്ടുകൾ വസ്തുതാപരമായി തെറ്റും തെറ്റിദ്ധരിപ്പിക്കുന്നതുമാണെന്ന് കേന്ദ്ര കമ്പനികാര്യ വകുപ്പ് വ്യക്തമാക്കി. 2013ലെ കമ്പനീസ് ആക്ട് പ്രകാരം എംസിഎ ആരംഭിച്ച നടപടികൾ ഇപ്പോഴും തുടരുകയാണ്, ഈ ഘട്ടത്തിൽ ഇക്കാര്യത്തിൽ അന്തിമ നിഗമനത്തിലെത്തേണ്ടതില്ലെന്നാണ് കമ്പനികാര്യ വകുപ്പ് വിശദീകരിക്കുന്നത്. ഇതോടെ ബൈജൂസിന് ഇനിയും അന്വേഷണം നേരിടേണ്ടി വരുമെന്ന് ഉറപ്പായി.

നിക്ഷേപകരുടെ പിന്മാറ്റവും കേസുകളും കാരണം പ്രതിസന്ധിയിലായ ബൈജൂസ് ഉടമ മലയാളിയായ ബൈജു രവീന്ദ്രന് നേരിയ ആശ്വാസമായിരുന്നു ബ്ലൂംബർഗ് റിപ്പോർട്ട്. കമ്പനിയുടെ അക്കൗണ്ടുകളും പർച്ചേസുകളും സാമ്പത്തിക ഇടപാടുകളും കേന്ദ്രസംഘം പരിശോധിച്ചുവെന്നും ഫണ്ട് കടത്തലോ പണം പെരുപ്പിച്ച് കാട്ടലോ ബൈജൂസ് നടത്തിയിട്ടില്ലെന്നും വഴി വിട്ടതോ നിയമവിരുദ്ധമോ ആയ സാമ്പത്തിക ഇടപാടുകളില്ലെന്നുമായിരുന്നു വാർത്ത വന്നത്.

കമ്പനിയുടെ ഫണ്ട് കൃത്യമായി കൈകാര്യം ചെയ്യാതിരുന്നതാണ് തകർച്ചയ്ക്ക് കാരണമായതെന്നായിരുന്നു വാർത്ത. കൃത്യമായ ഓഡിറ്റിനും ഫണ്ട് കൈകാര്യം ചെയ്യാനും ബൈജൂസ് പ്രൊഫഷണലായ ആളുകളെ നിയമിച്ചില്ല. പല കമ്പനികൾ വാങ്ങിയതും സ്വത്തുക്കൾ സ്വന്തമാക്കിയതും കൃത്യമായി ഡയറക്ടർ ബോർഡിനെ അറിയിച്ചില്ലെന്നും റിപ്പോർട്ടിൽ കണ്ടെത്തലുണ്ടെന്നും റിപ്പോർട്ട് പുറത്തു വന്നു. എന്നാൽ ഇതെല്ലാം തള്ളിയാണ് കമ്പനികാര്യ വകുപ്പ് രംഗത്ത് വന്നത്.

Trending

No stories found.

Latest News

No stories found.