
ന്യൂഡൽഹി: ഉപരാഷ്‌ട്രപതി ജഗദീപ് ധൻകറെ തൽസ്ഥാനത്തു നിന്നു പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് പ്രമേയം അവതരിപ്പിക്കാൻ പ്രതിപക്ഷ നീക്കം. രാജ്യസഭയിൽ ധൻകറും പ്രതിപക്ഷവുമായുള്ള ഭിന്നത നിരന്തരം രൂക്ഷമാകുന്നതിനിടെയാണു കോൺഗ്രസ് നേതൃത്വത്തിലുള്ള "ഇന്ത്യ' മുന്നണി ഇക്കാര്യം പരിഗണിക്കുന്നത്. കഴിഞ്ഞ ഓഗസ്റ്റിൽ രാജ്യസഭാധ്യക്ഷനെതിരേ പ്രമേയത്തിനു പ്രതിപക്ഷം നീക്കം തുടങ്ങിയിരുന്നു. എന്നാൽ, ഒരു അവസരം കൂടി നൽകുകയാണെന്ന് അന്നു പ്രഖ്യാപിച്ചു.
തിങ്കളാഴ്ച സഭയിലുണ്ടായ വിഷയങ്ങളാണ് പുതിയ പ്രകോപനം. സോണിയ ഗാന്ധിക്ക് വിവാദ ശതകോടീശ്വരൻ ജോർജ് സോറോസുമായി ബന്ധമുണ്ടെന്ന് ബിജെപി രാജ്യസഭയിൽ ഉന്നയിച്ചിരുന്നു. നേരത്തേ, ചട്ടം 267 പ്രകാരം ഇക്കാര്യം ഉന്നയിക്കാൻ അനുമതി തേടിയെങ്കിലും സഭാധ്യക്ഷൻ അംഗീകരിച്ചിരുന്നില്ല. ഇതേ വിഷയം പിന്നീടു ശൂന്യവേളയിൽ ഉന്നയിക്കാൻ അവസരം നൽകിയത് സഭാ ചട്ടങ്ങൾക്കു വിരുദ്ധമാണെന്നു കോൺഗ്രസ് അംഗം ജയ്റാം രമേഷ് ആരോപിച്ചിരുന്നു. ഇതേത്തുടർന്നാണ് അവിശ്വാസ പ്രമേയത്തിനു നീക്കം.
ഉപരിസഭയില്‍ പക്ഷപാതപരമായി പ്രവര്‍ത്തിക്കുന്നുവെന്ന് ആരോപിച്ച് കോണ്‍ഗ്രസാകും ഭരണഘടനയുടെ 67 (ബി) അനുച്ഛേദ പ്രകാരം അവിശ്വാസപ്രമേയം അവതരിപ്പിക്കുന്നത്.തൃണമൂല്‍ കോണ്‍ഗ്രസ്, ആം ആദ്മി പാര്‍ട്ടി, സമാജ്‌വാദി പാര്‍ട്ടി എന്നിവ ഉള്‍പ്പെടെ പ്രതിപക്ഷ കക്ഷികൾ പിന്തുണയ്ക്കും. 70ഓളം എംപിമാർ പ്രമേയത്തെ പിന്തുണച്ച് ഒപ്പു നൽകിയതായാണു വിവരം. ഉപരാഷ്ട്രപതിയെ പദവിയില്‍ നിന്ന് നീക്കം ചെയ്യാനുള്ള നടപടികള്‍ ഉള്‍പ്പെടുന്ന ഭരണഘടനാഭാഗമാണ് 67 (ബി) അനുച്ഛേദം.