
ധർമസ്ഥലയിൽ പൊലീസിന് ഗുരുതര വീഴ്ച; അസ്വാഭാവിക മരണങ്ങളുടെ രേഖകൾ നശിപ്പിച്ചതായി വിവരാവകാശ രേഖ
ബംഗളൂരു: ധർമസ്ഥലയിൽ പൊലീസിന് ഗുരുതര വീഴ്ച. അസ്വാഭാവിക മരണങ്ങൾ സംബന്ധിച്ച കേസ് രേഖകൾ നശിപ്പിച്ചതായി വിവരാവകാശ രേഖയിൽ പറയുന്നു. 2000 മുതൽ 2015 വരെയുള്ള അസ്വാഭാവിക മരണങ്ങളുടെ രേഖകൾ നശിപ്പിച്ചതായാണ് പൊലീസ് വ്യക്തമാക്കുന്നത്. കാലഹരണപ്പെട്ട കേസിന്‍റെ രേഖകൾ നശിപ്പിക്കാൻ അധികാരമുണ്ടെന്നാണ് പൊലീസ് വാദം.
തിരിച്ചറിയാത്ത മൃതദേഹങ്ങൾ കണ്ടെത്താൻ ഉപയോഗിച്ച പോസ്റ്റുമോർട്ടം റിപ്പോർട്ട്, ഫോട്ടോകൾ, നോട്ടീസുകൾ തുടങ്ങിയ എല്ലാ രേഖകളും 2023 ൽ നശിപ്പിച്ചെന്നാണ് വിവരാവകാശ രേഖകൾ പ്രകാരമുള്ള ചോദ്യങ്ങൾക്ക് പൊലീസ് മറുപടി നൽകിയത്. സാമൂഹ്യപ്രവര്‍ത്തകന്‍ ജയന്ത് ചോദിച്ച വിവരാവകാശ രേഖയ്ക്കാണ് ബെൽത്തങ്കടി പൊലീസ് സ്റ്റേഷനിൽ നിന്ന് മറുപടി ലഭിച്ചത്.
2002 മുതൽ 2012 വരെയുള്ള 10 വർഷം ധർമസ്ഥലയിൽ രജിസ്റ്റർ ചെയ്ത അസ്വഭാവിക മരണങ്ങൾ 485 ആണെന്നാണ് പൊലീസിൽ നിന്നും മറുപടി ലഭിച്ചത്. ഈ മരണങ്ങളുടെ രേഖകൾ തേടിയപ്പോഴാണ് നശിപ്പിക്കപ്പെട്ടെന്ന മറുപടി ലഭിച്ചതെന്ന് ജയന്ത് പറയുന്നു. കൊലപാതകങ്ങൾ മറയ്ക്കാൻ വേണ്ടിയാണ് തെളിവുകൾ നശിപ്പിച്ചതെന്ന് ജയന്ത് ആരോപിക്കുന്നു.