പിന്നാക്ക വിഭാഗക്കാർക്ക് മിസ് ഇന്ത്യ പട്ടം കിട്ടുന്നില്ല: രാഹുൽ ഗാന്ധി

ആദിവാസി വിഭാഗത്തിൽനിന്നുള്ള റിയ എക്ക 2022ൽ മിസ് ഇന്ത്യ കിരീടം ചൂടുന്ന വിഡിയൊ പങ്കുവച്ച് ബിജെപിയുടെ മറുപടി
Rahul Gandhi, Riya Ekka
രാഹുൽ ഗാന്ധി, റിയ എക്ക
Updated on

പ്രയാഗ്‌രാജ്: മിസ് ഇന്ത്യ പട്ടം നേടിയവരുടെ പട്ടികയില്‍ ദളിതരെയോ ആദിവാസികളെയോ ഒബിസി വിഭാഗത്തില്‍പ്പെട്ടവരെയോ താന്‍ കണ്ടിട്ടില്ലെന്നു ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ഛത്തിസ്ഗഡ് സ്വദേശിയും ആദിവാസി യുവതിയുമായ റിയ എക്ക 2022ൽ മിസ് ഇന്ത്യ കിരീടം ചൂടുന്ന വിഡിയൊ ദൃശ്യം പങ്കുവച്ച് ബിജെപിയുടെ പ്രതികരണം. ബാലബുദ്ധികളേ ഇങ്ങനെ പറയൂ എന്ന് കേന്ദ്ര മന്ത്രി കിരൺ റിജിജുവിന്‍റെ പരിഹാസം.

പ്രയാഗ്‌രാജില്‍ ഒരു സമ്മേളനത്തിനിടെ ജാതി സെൻസസ് വേണമെന്ന് ആവശ്യപ്പെടുമ്പോഴായിരുന്നു സൗന്ദര്യ മത്സരത്തിൽ പിന്നാക്കക്കാരില്ലെന്ന് രാഹുലിന്‍റെ വാദം. 90 ശതമാനം വരുന്ന ജനങ്ങളുടെ പങ്കാളിത്തമില്ലാതെ രാജ്യത്തിന് പ്രവർത്തിക്കാനാവില്ലെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.

'മിസ് ഇന്ത്യ പട്ടം നേടിയവരുടെ പട്ടിക ഞാൻ പരിശോധിച്ചു. ദളിത്, ആദിവാസി അല്ലെങ്കിൽ ഒബിസി സ്‌ത്രീകളെ പട്ടികയില്‍ എവിടെയും ഞാന്‍ കണ്ടില്ല. ചിലർ ക്രിക്കറ്റിനെക്കുറിച്ചോ ബോളിവുഡിനെക്കുറിച്ചോ സംസാരിച്ചേക്കാം. മാധ്യമങ്ങളിലെ മുൻനിര അവതാരകരില്‍ പോലും 90 ശതമാനം വരുന്ന ഈ ജനവിഭാഗമില്ല. മോദിജി ആലിംഗനം ചെയ്‌തു എന്നും നമ്മള്‍ സൂപ്പർ പവർ ആയിത്തീർന്നു എന്നുമൊക്കെ പലരും പറയുന്നുണ്ട്. 90 ശതമാനം വരുന്ന ജനവിഭാഗത്തിന് പ്രാതിനിധ്യം ഇല്ലെങ്കിൽ നമ്മള്‍ എങ്ങനെ സൂപ്പർ പവറാകും?- രാഹുല്‍ ഗാന്ധി ചോദിച്ചു.

ജാതി സെൻസസ് ആവശ്യപ്പെട്ട് രാജ്യത്തെ വിഭജിക്കാനാണ് താന്‍ ശ്രമിക്കുന്നതെന്ന് ബിജെപി പറഞ്ഞേക്കുമെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു.

എന്നാൽ, റിയ എക്ക മിസ് ഇന്ത്യ കിരീടം ചൂടുന്ന ദൃശ്യം പങ്കുവച്ച ബിജെപി വക്താവ് പ്രദീപ് ഭണ്ഡാരി, രാഹുലിന്‍റെ പരാമർശം വിഭജനപരവും വ്യാജവുമാണെന്നു തിരിച്ചടിച്ചു. ഇപ്പോൾ അദ്ദേഹത്തിന് മിസ് ഇന്ത്യ മത്സരങ്ങളിലും സിനിമകളിലും കായിക ഇനങ്ങളിലും സംവരണം വേണമെന്നു റിജിജു പരിഹസിച്ചു. ഇതു ബാലബുദ്ധിയുടെ മാത്രം പ്രശ്നമല്ല, അദ്ദേഹത്തിനു കൈയടിക്കുന്നവരെയും പ്രശ്നമാണെന്ന് റിജിജു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com