

എം.കെ. സ്റ്റാലിൻ
ചെന്നൈ: ബില്ലുകൾക്ക് അംഗീകാരം നൽകാൻ ഗവർണർമാർക്കു സമയപരിധി നിശ്ചയിക്കുന്നതു വരെ വിശ്രമമില്ലെന്നു തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ. സംസ്ഥാനത്തിന്‍റെ അവകാശങ്ങൾക്കും യഥാർഥ ഫെഡറലിസം തുടരുമെന്ന് ഉറപ്പിക്കാനുമാണു ഞങ്ങളുടെ സമരം. ഫലത്തിൽ സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ച് സുപ്രധാന തത്വങ്ങൾ ആവർത്തിച്ചുറപ്പിക്കുകയാണു ചെയ്തത്. തെരഞ്ഞെടുക്കപ്പെട്ട സർക്കാരാണ് ഡ്രൈവിങ് സീറ്റിൽ ഇരിക്കേണ്ടതെന്ന അഭിപ്രായം ഇതാണു വ്യക്തമാക്കുന്നതെന്നും സ്റ്റാലിൻ.
ബില്ലുകളിൽ ഒപ്പുവയ്ക്കാൻ ഗവർണർമാർക്കും രാഷ്‌ട്രപതിക്കും സമയപരിധി നിശ്ചയിക്കാനാവില്ലെന്ന് വെള്ളിയാഴ്ച രാഷ്‌ട്രപതിയുടെ റഫറൻസിനു നൽകിയ മറുപടിയിൽ സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു. മൂന്നു മാസം സമയപരിധി നിശ്ചയിച്ച ഏപ്രിൽ എട്ടിലെ രണ്ടംഗ ബെഞ്ചിന്‍റെ വിധിയിലാണു രാഷ്‌ട്രപതി റഫറൻസ് തേടിയത്. സമയപരിധി ഇല്ലെന്നു സുപ്രീം കോടതി വ്യക്തമാക്കിയത് ഈ വിഷയത്തിൽ കോടതിയെ സമീപിച്ച തമിഴ്നാട് സർക്കാരിന് തിരിച്ചടിയായെന്ന വിലയിരുത്തലുകൾക്കിടെയാണു സ്റ്റാലിന്‍റെ പ്രതികരണം.
ഡ്രൈവിങ് സീറ്റിൽ തെരഞ്ഞെടുക്കപ്പെട്ട സർക്കാരാണെന്ന സുപ്രീം കോടതിയുടെ പരാമർശം രണ്ട് അധികാര കേന്ദ്രങ്ങൾ പാടില്ലെന്നാണ് വ്യക്തമാക്കുന്നതെന്നു സ്റ്റാലിൻ. ഭരണഘടനാ പദവികൾ വഹിക്കുന്നവർ ഭരണഘടനയുടെ ചട്ടക്കൂടിനുള്ളിൽ നിന്നു പ്രവർത്തിക്കണം. ബില്ലുകൾക്ക് " പോക്കറ്റ് വീറ്റോ' നൽകാൻ ഗവർണർക്ക് അധികാരമില്ല. നിയമനിർമാണത്തിലൂടെ ഇക്കാര്യത്തിൽ പരിഹാരമുണ്ടാക്കുന്നതു വരെ തനിക്കു വിശ്രമമില്ലെന്നും സ്റ്റാലിൻ.