
സമൂസ, ജിലേബി, ലഡ്ഡു എന്നിവയ്ക്ക് മുന്നറിയിപ്പില്ല ഉപദേശം മാത്രം: ആരോഗ്യ മന്ത്രാലയം
ന്യൂഡല്‍ഹി: പരമ്പരാഗതവും ജനകീയവുമായ ഇന്ത്യന്‍ സ്‌നാക്‌സുകളായ ജിലേബി, സമൂസ, ലഡ്ഡു എന്നിവയ്‌ക്കെതിരേ പ്രത്യേക മുന്നറിയിപ്പ് ലേബലുകളൊന്നും നിര്‍ദേശിച്ചിട്ടില്ലെന്നു കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു.
പൂരിത കൊഴുപ്പ്, പഞ്ചസാര, ഉപ്പ് എന്നിവ കൂടുതല്‍ അളവിലുള്ള ഭക്ഷണങ്ങള്‍ കഴിക്കുന്നതില്‍ മറഞ്ഞിരിക്കുന്ന ആരോഗ്യ അപകടങ്ങളെ കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിന്‍റെ ഭാഗമായിട്ടുള്ള ഒരു ഉപദേശമാണ് പുറത്തിറക്കിയതെന്ന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.
സമൂസ, ജിലേബി, ലഡ്ഡു തുടങ്ങിയ ഭക്ഷ്യവസ്തുക്കളില്‍ മുന്നറിയിപ്പ് ലേബലുകള്‍ പതിക്കാന്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന് അവകാശപ്പെടുന്ന തരത്തില്‍ ചില മാധ്യമ റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചിരുന്നു. ഈ മാധ്യമ റിപ്പോര്‍ട്ടുകള്‍ തെറ്റിധരിപ്പിക്കുന്നതും അടിസ്ഥാനരഹിതവുമാണെന്നും മന്ത്രാലയം പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറഞ്ഞു.