
ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ മഴക്കെടുതി രൂക്ഷം; ഗംഗയും യമുനയും കരകവിഞ്ഞു, 184 പേർക്ക് ജീവൻനഷ്ടപ്പെട്ടു
ന്യൂഡൽഹി: ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ വ്യാപക മഴക്കെടുതി. ഹിമാചൽ പ്രദേശിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. സംസ്ഥാന്ത് ഇതുവരെ 184 പേർക്കാണ് മഴക്കെടുതിയിൽ ജീവൻ നഷ്ടമായത്. വെള്ളക്കെട്ടും മണ്ണിടിച്ചിലും മൂലം 266 റോഡുകൾ അടച്ചിട്ടിരിക്കുകയാണ്. 1700 കോടി രൂപയുടെ നാശനഷ്ടം സംസ്ഥാനത്ത് ഉണ്ടായതായാണ് സർക്കാർ കണക്കുകൾ.
ഉത്തർപ്രദേശിൽ കനത്ത മഴ തുടരുകയാണ്. 13 ജില്ലകളിൽ വെള്ളപ്പൊക്കമാണ്. ഗംഗ, യമുന നദികൾ കരകവിഞ്ഞൊഴുകി. ഉത്തരാഖണ്ഡിലും മഴ ശക്തമാണ്. നൈനിത്താൽ ഹൽദ്വാനി ദേശീയ പാതയിൽ മണ്ണിടിച്ചിൽ ഉണ്ടായതിനെ തുടർന്ന് ഗതാഗതം തടസപ്പെട്ടു. അടുത്ത 5 ദിവസം കൂടി മഴ കനക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്.