
വടക്കു കിഴക്കൻ സംസ്ഥാനങ്ങളെ വലച്ച് കാലവർഷം; 30 മരണം, അരലക്ഷത്തിലേറെ പേരെ ബാധിച്ച് മഴക്കെടുതി
ന്യൂഡൽഹി: വടക്കു കിഴക്കൻ സംസ്ഥാനങ്ങളെ ബാധിച്ച് കാലവർഷം. വിവിധയിടങ്ങളിൽ മണ്ണിടിച്ചിലും മിന്നൽ പ്രളയവും തുടരുകയാണ് മഴക്കെടുതിലാകെ 30 മരണങ്ങളാണ് ഔദ്യോഗികമായി റിപ്പോർട്ട് ചെയ്തിരിക്കുന്നത്. അരലക്ഷത്തിലേറെ പേരെ മഴക്കെടുതി ബാധിച്ചതായാണ് വിവരം.
അതിതീവ്ര മഴയിൽ ടുറയ്ക്കും അസമിലെ ഗുവാഹത്തിക്കും ഇടയിലുള്ള എൻഎച്ച്-17 തകർന്നു. ഗതാഗതം സംതംഭിച്ചു. കെയ് പന്യോർ ജില്ലയിലെ ചുല്യു ഗ്രാമത്തിലെ തൂക്കുപാലം പൂർണമായും ഒലിച്ച് പോയി. മിസോറാമിൽ 113 ഇടങ്ങളിൽ മണ്ണിടിച്ചിലുണ്ടായി. മണിപ്പൂരിലെ ഇംഫാലിൽ നദി കരകവിഞ്ഞൊഴുകുകയാണ്. ഇതോടെ വിവിധ പ്രദേശങ്ങൾ വെള്ളത്തിനടിയിലായി.
കെയ് പന്യോർ ജില്ലയിലെ ചുല്യു ഗ്രാമത്തിലെ ഒരു തൂക്കുപാലം തുടർച്ചയായ മഴയിൽ പൂർണമായും ഒലിച്ചുപോയിട്ടുണ്ട്. മിസോറാമിൽ 113 ഇടങ്ങളിൽ മണ്ണിടിച്ചിൽ റിപ്പോര്‍ട്ട് ചെയ്തു. മണിപ്പൂരിലെ ഇംഫാൽ നദി കരകവിഞ്ഞൊഴുകുകയാണ്. ഇതോടെ ഇംഫാൽ ഈസ്റ്റ് ജില്ലയിലെ നിരവധി പ്രദേശങ്ങൾ വെള്ളത്തിനടിയിലായി. നദീതീരത്തുള്ളവരെ ക്യാമ്പുകളിലേക്ക് മാറ്റിയിട്ടുണ്ട്. മേഘാലയയിൽ ദേശീയപാതയുടെ ഭാഗങ്ങൾ ഒലിച്ചുപോയി. വടക്ക് കിഴക്കൻ സംസ്ഥാനങ്ങൾക്ക് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അതീവ ജാഗ്രത നിർദേശിച്ചിട്ടുണ്ട്.
മണ്ണിടിച്ചിലിൽ പ്രധാന റോഡുകളൊക്കെ തകർന്നതിനാൽ വടക്കൻ സിക്കിമിലെ വിവിധ ഭാഗങ്ങളിൽ 1500 ഓളം വിനോദ സഞ്ചാരികൾ കുടുങ്ങിക്കിടക്കുന്നതായി അധികൃതർ അറിയിച്ചു. 1350 പേർ ലാചുങ്ങിലും 115 പേർ ലാചനിലും കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് വിവരം. എട്ട് വിനോദ സഞ്ചാരികളെ കാണാതായതായി ദേശിയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. കനത്ത മഴയായതിനാൽ തന്നെ തെരച്ചിൽ ദുഷ്കരമാണെന്നാണ് വിവരം.