

എൻടിഎയിൽ വൻ അഴിച്ചുപണി; 600 വിദഗ്ധരെ ഒഴിവാക്കി
ന‍്യൂഡൽഹി: നാഷണൽ ടെസ്റ്റിങ് ഏജൻസിയുടെ (എൻടിഎ) പരീക്ഷാ സംഘത്തിൽ വൻ അഴിച്ചുപണി നടത്തി കേന്ദ്ര വിദ‍്യാഭ‍്യാസ മന്ത്രാലയം. പരീക്ഷാ നടത്തിപ്പ് കൂടുതൽ സുതാര‍്യവും സുരക്ഷിതവുമാക്കുന്നതിന്‍റെ ഭാഗമായി നിലവിലുണ്ടായിരുന്ന പാനലിൽ നിന്നും 600 വിദഗ്ധരെ ഒഴിവാക്കി. 25ഓളം ഉദ‍്യോഗസ്ഥരെ രണ്ടോ മൂന്നോ ആഴ്ചകൾക്കകം നിയമിക്കും. ചോദ‍്യപേപ്പറുകളിലെ പിഴവുകൾ ഒഴിവാക്കുന്നതിനായി നാലുഘട്ട പരിശോധന സംവിധാനം ഏർപ്പെടുത്തും.
കേന്ദ്ര വിദ‍്യാഭ‍്യാസ മന്ത്രി പ്രഹ്ളാദ് ജോഷിയുടെ നേതൃത്വത്തിൽ ചേർന്ന അവലോകന യോഗത്തിലാണ് ഈ തീരുമാനങ്ങളെടുത്തിരിക്കുന്നത്. എൻടിഎ ഓഫിസുകൾ പുതിയ കെട്ടിടത്തിലേക്ക് മാറ്റുന്ന കാര‍്യത്തിലും തീരുമാനമായി. കെട്ടിടങ്ങൾക്ക് സിഐഎസ്എഫ് സുരക്ഷയൊരുക്കും. പരീക്ഷ തടസമില്ലാതെ നടത്താൻ സുരക്ഷയും അടിസ്ഥാന സൗകര‍്യങ്ങളും ഉറപ്പാക്കണമെന്ന് വിദ‍്യാഭ‍്യാസ മന്ത്രി നിർദേശിച്ചു.