
സിസ്റ്റർ പ്രീതി മേരി, സിസ്റ്റർ വന്ദന ഫ്രാന്‍സിസ്
ന്യൂഡൽഹി: മതപരിവർത്തനവും മനുഷ്യക്കടത്തും ആരോപിച്ച് അറസ്റ്റിലായ കന്യാസ്ത്രീകളുടെ ജാമ്യാപക്ഷ ഹൈക്കോടതിയിൽ സമർപ്പിക്കാൻ നീക്കം. പുതിയ അഭിഭാഷക സംഘമാവും ഹൈക്കോടതിയിൽ ഹാജരാവുക. എൻഐഎ കോടതിയിൽ ജാമ്യഹർജി നൽകുന്നത് സമയ നഷ്ടമാണെന്ന നിയമോപദേശത്തിന്‍റെ അടിസ്ഥാനത്തിലാണ് ഹർജി ഹൈക്കോടതിയിൽ സമർപ്പിക്കാൻ തീരുമാനമായത്.
കേസ് പരിഗണിക്കാൻ അധികാരമില്ലെന്ന് ബുധനാഴ്ച സെഷൻസ് കോടതി വ്യക്തമാക്കിയിരുന്നു. പിന്നാലെ നടത്തിയ കൂടിയാലോചനകൾക്ക് ശേഷമാണ് ഹൈക്കോടതിയിൽ ഹർജി സമർപ്പിക്കാൻ തീരുമാനിച്ചത്.
ഛത്തീസ്ഗഢിലെ ദുര്‍ഗ് റെയില്‍വേ സ്റ്റേഷനില്‍വച്ചാണ് സിസ്റ്റർ പ്രീതി മേരി, സിസ്റ്റർ വന്ദന ഫ്രാന്‍സിസ് എന്നിവര്‍ ഞായറാഴ്ച അറസ്റ്റിലായത്. ഇരുവരുമിപ്പോൾ ദുർഗിലെ ജയിലിലാണ്. ജോലി വാഗ്ദാനം ചെയ്ത് മൂന്നു പെൺകുട്ടികളെ മതപരിവർത്തനം നടത്തി കടത്താൻ ശ്രമിക്കുകയായിരുന്നെന്നാണ് ആരോപണം.