പശ്ചിമ ബംഗാൾ ഒബിസി പട്ടിക: ഹൈക്കോടതി വിധിയെച്ചൊല്ലി രാഷ്‌ട്രീയ യുദ്ധം

2010 മുതൽ സംവരണം അനുവദിച്ചതിനും 2012ലെ സംവരണ നിയമത്തിനുമെതിരായ ഹർജികളിലായിരുന്നു ഹൈക്കോടതിയുടെ സുപ്രധാന വിധി
പശ്ചിമ ബംഗാൾ ഒബിസി പട്ടിക: ഹൈക്കോടതി വിധിയെച്ചൊല്ലി രാഷ്‌ട്രീയ യുദ്ധം
court order

കോൽക്കത്ത: പശ്ചിമ ബംഗാളിലെ അഞ്ചു ലക്ഷം ഒബിസി സർട്ടിഫിക്കെറ്റുകൾ റദ്ദാക്കിയ കൽക്കട്ട ഹൈക്കോടതി വിധിയിൽ ഗുരുതര പരാമർശങ്ങൾ. 2010 മുതലുള്ള സർട്ടിഫിക്കെറ്റുകൾ റദ്ദാക്കിയ കോടതി ഒബിസി പട്ടികയിലേക്ക് പുതുതായി നിരവധി വിഭാഗങ്ങളെ ഉൾപ്പെടുത്തിയതിനുള്ള ഏക മാനദണ്ഡം മതം മാത്രമാണെന്നു വിമർശിച്ചു.

2010ൽ ഇടതു ഭരണത്തിൽ മുസ്‌ലിംകളിലെ 77 വിഭാഗങ്ങളെയാണ് പിന്നാക്കക്കാരുടെ ഗണത്തിൽപ്പെടുത്തി ഒബിസി പട്ടികയിൽ ഉൾപ്പെടുത്തിയത്. മുസ്‌ലിം സമുദായം ഏതാണ്ടു പൂർണമായും ഇതോടെ സംവരണപ്പട്ടികയിലായെന്നും സമുദായം രാഷ്‌ട്രീയ ലക്ഷ്യത്തിനുള്ള ചരക്കായി പരിഗണിക്കപ്പെട്ടെന്നും ഹൈക്കോടതി പറഞ്ഞു. ഈ നീക്കം വിശദമായി പരിശോധിച്ചാൽ അവരെ വോട്ട് ബാങ്കായാണു കണ്ടതെന്നു വ്യക്തമെന്നും കോടതി പറഞ്ഞു.

ബുദ്ധദേവ് ഭട്ടാചാര്യയുടെയും മമത ബാനർജിയുടെയും സർക്കാരുകൾക്കെതിരേ നടത്തിയ പരാമർശങ്ങൾ പശ്ചിമ ബംഗാളിൽ വലിയ രാഷ്‌ട്രീയ പ്രകമ്പനങ്ങൾക്കാണു വഴിയൊരുക്കുന്നത്. “ഇന്ത്യ’ മുന്നണി അധികാരത്തിലെത്തിയാൽ ഒബിസി, പട്ടിക വിഭാഗങ്ങളുടെ സംവരണം മുസ്‌ലിംകൾക്കു നൽകുമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബിജെപിയും ആരോപിക്കുന്നതിനിടെയാണ് ഹൈക്കോടതിയുടെ പരാമർശങ്ങൾ. പശ്ചിമ ബംഗാളിൽ ബിജെപി നിർണായകമായ എട്ടു മണ്ഡലങ്ങളിൽ ഇന്നു വോട്ടെടുപ്പ് നടക്കാനിരിക്കെയാണ് കോടതിയുടെ ഇടപെടൽ. ജൂൺ ഒന്നിന് ഒമ്പതു മണ്ഡലങ്ങളിൽ വോട്ടെടുപ്പ് നടക്കാനുണ്ട്. വിധി അംഗീകരിക്കില്ലെന്നും ബിജെപിയുടെ ഗൂഢാലോചനയാണ് ഇപ്പോഴത്തെ സംഭവത്തിനു പിന്നിലെന്നും മുഖ്യമന്ത്രി മമത ബാനർജി ആരോപിച്ചിട്ടുണ്ട്. സുപ്രീം കോടതിയെ സമീപിക്കാനാണു മമതയുടെ തീരുമാനം. എന്നാൽ, പ്രീണന രാഷ്‌ട്രീയത്തിന്‍റെ വക്താക്കളായ പ്രതിപക്ഷത്തിനേറ്റ തിരിച്ചടിയാണു വിധിയെന്നു പ്രധാനമന്ത്രി പറഞ്ഞു.

2010 മുതൽ സംവരണം അനുവദിച്ചതിനും 2012ലെ സംവരണ നിയമത്തിനുമെതിരായ ഹർജികളിലായിരുന്നു ഹൈക്കോടതിയുടെ സുപ്രധാന വിധി. എന്നാൽ, ഈ സർട്ടിഫിക്കെറ്റുകളുടെയും നിയമത്തിന്‍റെയും അടിസ്ഥാനത്തിൽ ഇതിനകം ജോലി ലഭിച്ചവരെ വിധി ബാധിക്കില്ലെന്നു കോടതി പറഞ്ഞിരുന്നു.

2011 വരെ സംസ്ഥാനത്ത് സിപിഎം നേതൃത്വത്തിലുള്ള ഇടതുമുന്നണിയും തുടർന്ന് മമത ബാനർജിയുടെ തൃണമൂൽ കോൺഗ്രസുമാണ് ഭരണത്തിൽ. 2010 ഏപ്രിലിനും സെപ്റ്റംബറിനുമിടയിലാണ് മുസ്‌ലിംകളിലെ 77 വിഭാഗങ്ങളെ ഒബിസി പട്ടികയിൽ ഉൾപ്പെടുത്തിയത്. 2012ലെ നിയമപ്രകാരം മറ്റു 37 വിഭാഗങ്ങളെ കൂടി ഉൾപ്പെടുത്തി. ആദ്യത്തേത് നിയമവിരുദ്ധമെന്നു വ്യക്തമാക്കിയ കോടതി സംസ്ഥാന പിന്നാക്ക കമ്മിഷന്‍റെ ശുപാർശയില്ലെന്നതിനാലാണു 2012ൽ 37 വിഭാഗങ്ങളെ ഉൾപ്പെടുത്തിയത് റദ്ദാക്കിയത്. 2012 മേയ് ഒന്നിനു പ്രത്യേക ഉത്തരവു പ്രകാരം നിരവധി ഉപവിഭാഗങ്ങൾ സൃഷ്ടിച്ചതും റദ്ദാക്കിയതായി 211 പേജുള്ള വിധിന്യായത്തിൽ ജസ്റ്റിസുമാരായ തപബ്രത ചക്രവർത്തിയും രാജശേഖർ മന്തയും വ്യക്തമാക്കി. 2010നു മുൻപുണ്ടായിരുന്ന 66 വിഭാഗങ്ങൾക്കു മാത്രമാകും ഇനി സംവരണം.

2010ൽ അന്നത്തെ ഇടതുസർക്കാർ ഒബിസി സംവരണം ഏഴു ശതമാനത്തിൽ നിന്നു 17 ശതമാനമായി ഉയർത്തിയതും കോടതി റദ്ദാക്കി. ഇവയൊന്നും നടപടിക്രമങ്ങൾ പാലിക്കാതെയാണെന്നും കണ്ടെത്തി.

179 ജാതി വിഭാഗങ്ങളാണ് പശ്ചിമ ബംഗാളിന്‍റെ ഒബിസി പട്ടികയിലുണ്ടായിരുന്നത്. ഇതിൽ 118 വിഭാഗങ്ങൾ മുസ്‌ലിം സമുദായത്തിൽ നിന്നാണ്. ഒബിസി വിഭാഗത്തെ രണ്ടു കാറ്റഗറികളായി തിരിച്ചിരുന്നു. ആദ്യ കാറ്റഗറിയിൽ 81 വിഭാഗങ്ങൾ ഉള്ളതിൽ 73ഉം മുസ്‌ലിംകളിൽ നിന്നാണ്. രണ്ടാം കാറ്റഗറിയിലെ 99 വിഭാഗങ്ങളിൽ 45 വിഭാഗങ്ങളാണു മുസ്‌ലിം സമുദായത്തിൽ നിന്നുള്ളത്.

Trending

No stories found.

Latest News

No stories found.