

ഒഡീശ പൊലീസ്
ഭുവനേശ്വർ: ഒഡീശയിൽ 20കാരിയായ എഞ്ചിനീയറിങ് വിദ‍്യാർഥിനി ആത്മഹത‍്യ ചെയ്ത സംഭവത്തിൽ മന്ത്രിയുടെ അനന്തരവനെ അറസ്റ്റ് ചെയ്തതായി റിപ്പോർട്ട്. ഗതാഗത വകുപ്പ് മന്ത്രി ബിഭൂതി ഭൂഷൺ ജേനയുടെ അനന്തരവനെയാണ് ആത്മഹത‍്യാ പ്രേരണാ കുറ്റം ചുമത്തി അറസ്റ്റ് ചെയ്തിരിക്കുന്നത്. കഴിഞ്ഞ ദിവസമാണ് വിദ‍്യാർഥിനിയെ ഹോസ്റ്റൽ മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
മന്ത്രിയുടെ സഹോദര പുത്രനായ ബിശ്വജിത് ജേന യുവതിയുമായി അടുപ്പത്തിലായിരുന്നു. വിദ‍്യാർഥിനിക്കൊപ്പം ഹോസ്റ്റൽ മുറിയിൽ 5 പേർ താമസിച്ചിരുന്നു. ഗോലന്തര പൊലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
പെൺകുട്ടിയുടെ അമ്മാവന്‍റെ പരാതിയിൽ പൊലീസ് അന്വേഷണം തുടരുകയാണ്. പോസ്റ്റ്മോർട്ടം റിപ്പോർട്ടിന് ശേഷമെ മരണകാരണം വ‍്യക്തമാകുകയുള്ളുവെന്ന് പൊലീസ് അറിയിച്ചു. അന്വേഷണം പുരോഗമിക്കുകയാണെന്നും കർശന നടപടി സ്വീകരിക്കുമെന്നും പൊലീസ് കൂട്ടിച്ചേർത്തു.