ഒഡീഷ: നൂറുകണക്കിന് ഒലീവ് റിഡ്‌ലി കടലാമകൾ (Olive Ridley turtles) മുട്ടയിടാൻ കരയിലെക്കെത്തുന്ന അപൂർവ കാഴ്ചയുടെ വിരുന്നൊരുക്കുന്നു, ഒഡീഷയിലെ റുഷികുല്യ (rushikulya) കടൽ തീരം. കടലാമകൾ കൂട്ടമായി മുട്ടയിടാനെത്തുന്ന സമയമാണിത്. സാധാരണയായി രാത്രികാലങ്ങളിലാണ് ഒലീവ് റിഡ്‌ലി കടലാമക്കൂട്ടം കരയിലേക്കെത്താറുള്ളത്. എന്നാൽ 2 വർഷത്തെ ഇടവേളക്കു ശേഷം ഇത്തവണ പകൽസമയത്ത് കടലാമ കൂട്ടം ഒന്നിച്ചെത്തിയിരിക്കുന്നു. കടലിന്‍റെ ആഴങ്ങളിൽ സഞ്ചരിക്കുന്ന ഇക്കൂട്ടരെ പൊതുവെ കാണാൻ കിട്ടാറില്ല. അതുകൊണ്ടു തന്നെ വളരെ കൗതുകം നിറഞ്ഞ കാഴ്ച്ചയാണിത്.
കടലിൽ നിന്നും കരയിലെത്തി മണലിനടിയിൽ മുട്ടയിടുകയാണ് ഇവയുടെ പതിവ്. ഒരു ഒലീവ് റിഡ്‌ലി കടലാമയിടുന്ന മുട്ടകളിൽ നിന്നും ശരാശരി 80 മുതൽ 100 വരെ കുഞ്ഞുങ്ങൾ ഉണ്ടാവാറുണ്ട്. ഇന്ത്യൻ ഫോറസ്റ്റ് സർവ്വീസ് (ഐഎഫ്എസ്) ഉദ്യോഗസ്ഥനായ സുശാന്ദ നന്ദയാണ് റുഷികുല്യ കടൽ തീരത്തു നിന്നുള്ള മനോഹര ദൃശ്യം ട്വിറ്ററിലൂടെ പങ്കുവച്ചത്. നൂറുകണണക്കിന് കടലാമകൾ കരയിലേക്ക് കൂട്ടമായെത്തുന്ന ദൃശ്യങ്ങളുടെ വീഡിയോയിലുള്ളത്.