

File
ശ്രീനഗർ: ജമ്മു കശ്മീരിലെ മുസ്‌ലിംങ്ങളെല്ലാം തീവ്രവാദികളെല്ലെന്ന് മുഖ‍്യമന്ത്രി ഒമർ അബ്ദുള്ള. കശ്മീരിലുള്ള ജനങ്ങൾ തീവ്രവാദികളോ തീവ്രവാദ ബന്ധമുള്ളവരോ അല്ലെന്നു പറഞ്ഞ മുഖ‍്യമന്ത്രി ചുരുക്കം ചിലരാണ് സാഹോദര‍്യവും സമാധാനവും നശിപ്പിക്കുന്നതെന്ന് കൂട്ടിച്ചേർത്തു.
ജനങ്ങളെ ഒരൊറ്റ ചിന്താഗതിയിലൂടെ നോക്കികാണുകയും എല്ലാവരെയും തീവ്രവാദികളെന്നു കരുതുകയും ചെയ്താൽ ജനങ്ങളെ ശരിയായ പാതയിൽ നിർത്താൻ പ്രയാസമാണെന്നും അദ്ദേഹം പറഞ്ഞു. ഡൽഹിയിലെ ചെങ്കോട്ട സ്ഫോടനവുമായി ബന്ധപ്പെട്ട് കശ്മീരി ഡോക്റ്റർ അറസ്റ്റിലായതിനു പിന്നാലെയായിരുന്നു ഒമർ അബ്ദുള്ള മാധ‍്യമങ്ങളോട് പ്രതികരിച്ചത്.
സ്ഫോടനത്തിനു പിന്നിൽ പ്രവർത്തിച്ചവർക്കെതിരേ തക്കതായ നടപടി സ്വീകരിക്കണമെന്നും നിരപരാധികളെ ക്രൂരമായി കൊല്ലുന്നതിനെ ഒരു മതത്തിനും ന‍്യായീകരിക്കാൻ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.