''ഒരു രാജ്യം ഒറ്റ തെരഞ്ഞെടുപ്പ്''; രാംനാഥ് കോവിന്ദ് അധ്യക്ഷനായ എട്ടംഗ സമിതിയെ നിയോഗിച്ച് കേന്ദ്രം
ന്യൂഡൽഹി: ഒരു രാജ്യം ഒറ്റ തെരഞ്ഞെടുപ്പ് പരിഷ്ക്കരണത്തെക്കുറിച്ച് പഠിക്കാൻ എട്ടംഗ സമിതിയെ നിയമിച്ച കേന്ദ്ര സർക്കാർ. മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദ് അധ്യക്ഷനായ സമിതിയിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, കോൺഗ്രസ് ലോക്സഭാ കക്ഷി നേതാവ് അധിർ രഞ്ജൻ ചൗധരി, മുൻ കശ്മീർ മുഖ്യമന്ത്രി ഗുലാം നബി ആസാദ്, ധനകാര്യ കമ്മീഷൻ അധ്യക്ഷൻ എൻകെ സിങ്, മുൻ ലോക്സഭാ സെക്രട്ടറി ജനറൽ സുഭാഷ് കശ്യപ്, മുതിർന്ന അഭിഭാഷകൻ ഹരീഷ് സാൽവെ, മുൻ ചീഫ് വിജിലൻസ് കമ്മീഷണർ സഞ്ജയ് കോത്താരി എന്നിവർ അംഗങ്ങളാണ്.
കേന്ദ്ര നിയമ സഹമന്ത്രി അർജുൻ രാം മേഘ്‌വാൾ സമിതിയിലെ പ്രത്യേക ക്ഷണിതാവാണ്. കേന്ദ്ര നിയമ മന്ത്രാലയ സെക്രട്ടറി നിതിൻ ചന്ദ്രയാണ് സമിതിയുടെയും സെക്രട്ടറി. ലോക്സഭയിലേക്കും നിയമസഭയിലേക്കും ഒറ്റ തെരഞ്ഞെടുപ്പ് കമ്മീഷൻ എന്ന ആശയം ഏറെക്കാലമായി ബിജെപി മുന്നോട്ടു വെയ്ക്കുന്നുണ്ട്. എന്നാൽ ഇതിനെതിരെ പ്രതിപക്ഷ പാർട്ടികളിലടക്കം എതിർപ്പ് ഉയർന്നിരുന്നു. ഒറ്റ തെരഞ്ഞെടുപ്പ് നടത്തുന്നതു വഴി പൊതുഖജനാവിന് വലിയ ലാഭമുണ്ടാക്കുമെന്നും വികസന പദ്ധതികൾക്കുണ്ടാകുന്ന തടസം ഒഴിവാകുമെന്നാണ് കേന്ദ്രസർക്കാർ ചൂണ്ടിക്കാട്ടുന്നത്.