
രമേഷ് വിശ്വാഷ് കുമാർ
അഹമ്മദാബാദ്: ഗുജറാത്ത് വിമാനാപകടത്തിൽ ഒരാൾ രക്ഷപ്പെട്ടു. ദുരന്തത്തിൽ നിന്ന് അത്ഭുതകരമായി രക്ഷപെട്ട ഒരേയൊരാൾ, ബ്രിട്ടീഷ് പൗരൻ വിശ്വാസ് കുമാർ രമേഷ്. ഇയാൾ എമർജൻസി എക്സിറ്റിലൂടെ പുറത്തേക്ക് ചാടുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. 825 അടി ഉയരത്തിൽ നിന്നാണ് വിമാനം താഴേക്ക് വീണത്.
ഭയാനകമായ ദുരന്തം സമ്മാനിച്ച നടുക്കുന്ന ഓർമകൾ വേട്ടയാടുന്നെങ്കിലും അവിശ്വസനീയമായി ജീവിതത്തിലേക്ക് തിരിച്ചെത്തിയതിന്‍റെ ആശ്വാസത്തിലാണ് അദ്ദേഹം.
വിമാനത്തിലെ 11 എ സീറ്റിലെ യാത്രക്കാരനായിരുന്നു വിശ്വാസ്. മൂത്ത സഹോദരൻ അജയ് കുമാർ രമേഷും (45) ഒപ്പമുണ്ടായിരുന്നു. അജയ് എവിടെയാണെന്ന ചോദ്യമാണ് ഇപ്പോൾ വിശ്വാസിനെ അലട്ടുന്നത്. വിമാനത്തിലെ മറ്റൊര നിരയിലെ സീറ്റിലായിരുന്നു അജയ്.
ടേക്ക് ഓഫിന് മുപ്പത് സെക്കൻഡുകൾക്കുശേഷം ഒരു വലിയ ശബ്ദം കേട്ടു. പിന്നെ വിമാനം തകർന്നു. എല്ലാം വളരെ വേഗമായിരുന്നു.- നടക്കുന്ന ദൃശ്യങ്ങൾ വിശ്വാസ് ഓർത്തെടുത്തു.
ചാടിയെണീറ്റപ്പോൾ ചുറ്റും ശവശരീരങ്ങൾ. ഭയന്നുപോയ ഞാൻ എഴുന്നേറ്റ് ഓടി. വിമാനത്തിന്‍റെ കഷ്ണങ്ങളും എനിക്ക് ചുറ്റും ചിതറിക്കിടന്നിരുന്നു. ആരെക്കെയോ എന്നെ താങ്ങിപ്പിടിച്ചു. ആംബുലൻസിൽ കയറ്റി ആശുപത്രിയിൽ എത്തിച്ചു- വിശ്വാസ് പറഞ്ഞു. വിശ്വാസിന്‍റെ നെഞ്ചിലും മുഖത്തും കാലിലുമൊക്കെ പരിക്കുകളുണ്ട്.
പൊട്ടിത്തെറിക്കിടെ വിമാനത്തിൽ നിന്ന് വിശ്വാസ് എടുത്തു ചാടിയെന്നാണ് വിവരം. അദ്ദേഹത്തിന്‍റെ ബോർഡിങ് പാസും നഷ്ടപ്പെട്ടിട്ടില്ല. ഇന്ത്യൻ വംശജനായ വിശ്വാസ് ഇരുപത് വർഷമായി ബ്രിട്ടനിലാണ്. ഇന്ത്യയിലെ കുടുംബത്തെ കാണാനെത്തിയ വിശ്വാസ് സഹോദരനൊപ്പം ബ്രിട്ടനിലേക്ക് മടങ്ങുകയായിരുന്നു. ഇന്ത്യയിലെത്തിയ വിശ്വാസ് ദിയു അടക്കമുള്ള സ്ഥലങ്ങൾ സന്ദർശിച്ചിരുന്നു.
അഹമ്മദാബാദിൽ തകർന്നു വീണ എയർ ഇന്ത്യ വിമാനത്തിലെ മുഴുവൻ യാത്രക്കാരും ജീവനക്കാരും മരിച്ചതായാണ് ആദ്യം സ്ഥിരീകരിച്ചിരുന്നത്.
169 ഇന്ത്യക്കാര്‍, 53 ബ്രിട്ടീഷ് പൗരന്മാര്‍, 7 പേര്‍ പോര്‍ച്ചുഗീസുകാര്‍, ഒരു കനേഡിയന്‍ പൗരനുമായിരുന്നു വിമാനത്തിലുണ്ടായിരുന്നത്. മരിച്ചവരിൽ ഗുജറാത്ത് മുൻ മുഖ്യമന്ത്രി വിജയ് രൂപാണിയും പത്തനംതിട്ട തിരുവല്ല സ്വദേശിനിയായ നഴ്‌സ് രഞ്ജിത ഗോപകുമാറും ഉൾപ്പെടുന്നു.