
മഹാരാഷ്ട്രയിൽ (Maharashtra) എഴുപതു കിലോമീറ്റർ യാത്ര ചെയ്ത്, 512 കിലോഗ്രാം ഉള്ളി വിറ്റ കർഷകന് കൈയിൽ കിട്ടിയത് 2 രൂപ. സോലാപൂർ അഗ്രികൾച്ചറൽ പ്രൊഡക്‌ട് മാർക്കറ്റ് കമ്മിറ്റിയിൽ (എപിഎംസി) കൊണ്ടുപോയി വിറ്റപ്പോഴാണ് സകല ചിലവുകളും കഴിഞ്ഞ് 2 രൂപ കൈയിൽ കിട്ടിയത്. അതും ചെക്കായിട്ട്...!!!
സോലപൂർ ജില്ലയിലാണ് സംഭവം. 58 കാരനായ രാജേന്ദ്ര തുക്കാറാം ചവാൻ എന്ന കർഷകനാണ് ഈ ദുർഗതി. കിലോയ്ക്ക് ഒരു രൂപ നിരക്കിലാണ് എപിഎംഎസി ഉള്ളി വാങ്ങിയത്. ചരക്ക് വാഹന കൂലി, കയറ്റിയിറക്ക് കൂലി, തൂക്കുകൂലി എന്നിവയ്ക്കായി മാർക്കറ്റിലുള്ളയാൾ 509.50 രൂപയും വാങ്ങി. ബാക്കിവന്ന 2.50 രൂപയിൽ 2 രൂപയാണ് കൈയിൽ കിട്ടിയത്. ചെക്കിൽ പൈസ റൗണ്ടാക്കി എഴുതേണ്ടതിനാൽ 50 പൈസ വെട്ടിക്കുറച്ചു. 2 രൂപ മാത്രം നൽകി. ചെക്ക് മാറിക്കിട്ടാന്‍ രാജേന്ദ്രയ്ക്ക് 15 ദിവസം കാത്തിരിക്കുകയും വേണം.
കഴിഞ്ഞ വർഷം ഉള്ളിക്ക് 20 രൂപ നിരക്കിലാണ് വിറ്റതെന്ന് രാജേന്ദ്ര തുക്കാറാം ചവാൻ പറയുന്നു. വിത്തിനും വളത്തിനും എല്ലാത്തിനുമായി 40,000 രൂപ ചെലവായെന്ന് അദ്ദേഹം പറയുന്നു. അതേസമയം ഇയാൾ ഗുണമേന്മയില്ലാത്ത ഉള്ളിയാണ് വിറ്റതെന്നാണ് വ്യാപാരി പറയുന്നത്. കഴിഞ്ഞ വർഷം കൊണ്ടുവന്നത് ഗുണനിലവാരമുള്ളതായതിനാൽ 18 രൂപ നൽകിയിരുന്നെന്നും വ്യാപാരി നസീർ ഖലീഫ പറയുന്നു.