

ന്യൂഡൽഹി: രാജ്യത്തെ വനങ്ങളിൽ നാലു വർഷത്തിനിടെ കടുവകളുടെ എണ്ണം വർധിച്ചത് ആറു ശതമാനം. 2018ൽ 2967 കടുവകളുണ്ടായിരുന്നത് ഇപ്പോൾ 3682 ആയി ഉയർന്നു. അന്താരാഷ്ട്ര കടുവ ദിനമായ ഇന്നലെ കേന്ദ്ര വനം- പരിസ്ഥിതി- കാലാവസ്ഥാ വ്യതിയാന സഹമന്ത്രി അശ്വിനികുമാർ ചൗബെയാണ് കടുവകളുടെ എണ്ണം സംബന്ധിച്ച പുതിയ വിവരങ്ങൾ പുറത്തുവിട്ടത്.
നാലു വർഷത്തിലൊരിക്കൽ നടത്തുന്ന കടുവ സെൻസസിന്റെ വിശദാംശങ്ങൾ കഴിഞ്ഞ ഏപ്രിലിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പുറത്തുവിട്ടിരുന്നു. 3167 കടുവകളാണു രാജ്യത്തെ വനങ്ങളിലുള്ളതെന്നായിരുന്നു ആ റിപ്പോർട്ടിൽ പറഞ്ഞിരുന്നത്. അതിനുശേഷമുള്ള കണക്കുകൾ പ്രകാരം 3925 കടുവകൾ വരെയുണ്ടാകാമെന്നു മന്ത്രി ചൗബെ. ശരാശരിയെന്ന നിലയ്ക്കാണ് 3682 കടുവകളെന്ന സ്ഥിരീകരണം. ലോകത്താകെയുള്ള കടുവകളിൽ 75 ശതമാനവും ഇന്ത്യയുടേതാണെന്നും മന്ത്രി.
അരുണാചൽ പ്രദേശ്, ഒഡിഷ, തെലങ്കാന, ഛത്തിസ്ഗഡ്, ഝാർഖണ്ഡ് സംസ്ഥാനങ്ങളിൽ 2018നു ശേഷം കടുവകളുടെ എണ്ണം കുറഞ്ഞു. 2006ൽ കടുവകളുണ്ടായിരുന്ന മിസോറാമിലും നാഗാലാൻഡിലും ഇന്ന് അവയില്ല. 2006ൽ പത്തു കടുവകളെ കണ്ടെത്തിയ വടക്കൻ ബംഗാളിൽ ഇനി രണ്ടെണ്ണം മാത്രം.
4 വർഷം; 50% വളർച്ച
നാലു വർഷത്തിനിടെ രാജ്യത്ത് കടുവകളുടെ എണ്ണം 50 ശതമാനം വർധിച്ചു. മധ്യപ്രദേശാണ് ഒന്നാം സ്ഥാനത്ത്- 785 കടുവകൾ. കർണാടക (563), ഉത്തരാഖണ്ഡ് (560), മഹാരാഷ്ട്ര (444) എന്നിങ്ങനെയാണു തൊട്ടുപിന്നിലുള്ള സംസ്ഥാനങ്ങൾ.
10ൽ താഴെ മാത്രം കടുവകളുള്ള വനങ്ങൾ
റാണിപുർ, ഇന്ദ്രാവതി, അചൻകുമാർ, ഉദന്തി സീതാനദി, പാലമു, ബോർ, സഹ്യാദ്രി, സത്കോസിയ, മുകുന്ദര, രാംഗഡ് വിഷധാരിസ കവൽ, കളക്കാട് മുണ്ടൻതുറൈ, നമേരി, ദംപ, പക്കെ, കംലങ്, നംദപ
സംസ്ഥാനം, 2018ലെ കടുവകളുടെ എണ്ണം, 2022ലെ എണ്ണം ക്രമത്തിൽ
അരുണാചൽ : 29, 9
ഒഡീഷ : 28, 20
ഝാർഖണ്ഡ് : 5, 1
ഛത്തിസ്ഗഡ് : 19, 17
തെലങ്കാന : 26, 21
കൂടുതൽ കടുവകളുള്ള വനങ്ങൾ
കോർബറ്റ് (260), ബന്ദിപ്പുർ (150), നാഗർഹോളെ (141), ബന്ധവ്ഗഡ് (135), ദുധ്വ (135), മുതുമല (114), കൻഹ (105), കാസിരംഗ (104), സുന്ദർബൻ (100), തഡോബ (97), സത്യമംഗലം (85), പെഞ്ച് (77)
പുരസ്കാരം ലഭിച്ച കടുവാസങ്കേതങ്ങൾ
പെരിയാർ, നവ്ഗാവ്, കാളി, മേൽഘട്ട്, പിലിഭിത്ത്, തടോബ അന്ധേരി