

നരേന്ദ്ര മോദി, ഷി ജിൻപിങ് (ഫയൽ ചിത്രം)
ന്യൂഡൽഹി: ഡൽഹിയിൽ നടക്കുന്ന ബ്രിക്സ് ഉച്ചകോടിക്ക് ഇനി 48 മണിക്കൂറിൽ താഴെ മാത്രം ശേഷിക്കേ, ചൈനീസ് പ്രസിഡന്‍റ് ഷി ജിൻപിങ്ങിന്‍റെ ഇന്ത്യാ സന്ദർശനത്തിൽ അനിശ്ചിതത്വം തുടരുന്നു. ഷി ഇന്ത്യയിലെത്തുമോ എന്ന കാര്യത്തിൽ ചൈന ഇതുവരെ ഔദ്യോഗിക സ്ഥിരീകരണം നൽകിയിട്ടില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഷി കൂടിക്കാഴ്ച നടത്തുമോ എന്ന കാര്യത്തിലും വ്യക്തതയില്ല. സെപ്റ്റംബർ 12 മുതൽ 13 വരെയാണ് ബ്രിക്സ് ഉച്ചകോടി.
ഷിയുടെ സന്ദർശനത്തെക്കുറിച്ചുള്ള ചോദ്യത്തിന്, അദ്ദേഹത്തിന്‍റെ പരിപാടികളെക്കുറിച്ച് ഔദ്യോഗിക വിവരങ്ങളൊന്നും ലഭ്യമല്ലെന്നാണ് ചൈനീസ് വിദേശകാര്യ മന്ത്രാലയം അന്താരാഷ്ട്ര വാർത്താ ഏജൻസിയായ എഎഫ്പിയോട് പ്രതികരിച്ചത്. ഷി ജിൻപിങ് ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കാൻ തീരുമാനിച്ചാൽ ഏഴ് വർഷത്തിന് ശേഷമുള്ള അദ്ദേഹത്തിന്‍റെ ആദ്യ ഇന്ത്യാ സന്ദർശനമായിരിക്കും ഇത്. അമെരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം തുടരുന്നതിനിടെ, ഇന്ത്യയും ചൈനയും തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങൾ മാറ്റിവച്ച് ശക്തമായ നിലപാട് അവതരിപ്പിക്കാനുള്ള ശ്രമത്തിന്‍റെ പ്രധാന സൂചനയായും സന്ദർശനം വിലയിരുത്തപ്പെടുന്നു.
1962ലെ യുദ്ധത്തിന് ശേഷം ഇന്ത്യയും ചൈനയും തമ്മിലുള്ള ബന്ധം സുഖകരമായിരുന്നില്ല. 2020ൽ ഗാൽവാൻ താഴ്‌വരയിലുണ്ടായ സംഘർഷത്തിൽ 20 ഇന്ത്യൻ സൈനികർ കൊല്ലപ്പെടുകയും ചൈനീസ് സൈനികർക്കും ആൾനാശമുണ്ടാകുകയും ചെയ്തതോടെ ബന്ധം കൂടുതൽ വഷളായി. എന്നാൽ സമീപ വർഷങ്ങളിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിൽ ചില പുരോഗതിയുണ്ടായി. കഴിഞ്ഞ വർഷം പ്രധാനമന്ത്രി നരേന്ദ്ര മോദി ചൈന സന്ദർശിച്ചതിന് പിന്നാലെ, 2020ലെ സംഘർഷങ്ങൾക്ക് ശേഷം ചൈനീസ് നിക്ഷേപങ്ങൾക്ക് ഏർപ്പെടുത്തിയിരുന്ന ചില നിയന്ത്രണങ്ങളിൽ ഇന്ത്യ ഇളവ് വരുത്തിയിരുന്നു. ഇലക്ട്രോണിക്സ്, സോളാർ സെൽ തുടങ്ങിയ മേഖലകളിലാണ് പ്രധാനമായും ഇളവുകൾ നൽകിയത്.
ഈ വർഷം സെപ്റ്റംബറിൽ കിർഗിസ്ഥാനിൽ നടന്ന ഉച്ചകോടിയിൽ മോദിയും ഷിയും ഹ്രസ്വ കൂടിക്കാഴ്ച നടത്തിയിരുന്നു. ഇരു രാജ്യങ്ങളും പരസ്പരം എതിരാളികളല്ലെന്നും പങ്കാളികളാണെന്നുമാണ് ചൈനീസ് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയത്.
ഇതിനിടെ ഇന്ത്യയും ചൈനയും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരം കഴിഞ്ഞ വർഷം 12.4 ശതമാനം ഉയർന്ന് 155 ബില്യൺ ഡോളർ എന്ന റെക്കോഡിൽ എത്തിയിരുന്നു. പത്ത് വർഷം മുൻപ് രേഖപ്പെടുത്തിയ 71.6 ബില്യൺ ഡോളറിന്‍റെ ഇരട്ടിയിലേറെയാണിത്. ഈ വർഷത്തെ ആദ്യ ഏഴ് മാസങ്ങളിലും ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാരം മുൻവർഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് 23 ശതമാനം വർധിച്ചു.