എംപിയല്ലെങ്കിലും പിലിഭിത്തിന്‍റെ മകൻ; തുറന്ന കത്തുമായി വരുൺ ഗാന്ധി

സീറ്റ് നിഷേധിച്ചാൽ വരുൺ സ്വതന്ത്രനായി പിലിഭിത്തിൽ മത്സരിക്കുമെന്നു സൂചനയുണ്ടായിരുന്നെങ്കിലും അദ്ദേഹത്തിന്‍റെ വിശ്വസ്തർ തന്നെ ഇതു തള്ളിയിരുന്നു.
വരുൺ ഗാന്ധി
വരുൺ ഗാന്ധി

പിലിഭിത്ത്: എംപിയല്ലെങ്കിലും പിലിഭിത്തിനുവേണ്ടി ജീവിതാവസാനം വരെ പ്രവർത്തിക്കുമെന്നു വരുൺ ഗാന്ധി. ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപി ടിക്കറ്റ് നിഷേധിക്കപ്പെട്ടതിനെത്തുടർന്നു തന്‍റെ മണ്ഡലമായ പിലിഭിത്തിലെ വോട്ടർമാർക്കെഴുതിയ തുറന്ന കത്തിലാണു വരുണിന്‍റെ വാഗ്ദാനം. പിലിഭിത്തുമായുള്ള തന്‍റെ ബന്ധത്തെക്കുറിച്ചു വൈകാരികമായി വിശദീകരിക്കുന്ന കത്തിൽ പക്ഷേ, ഭാവി പരിപാടികളെക്കുറിച്ചു സൂചനയില്ല.

പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെയും നിരന്തരം വിമർശിച്ചിരുന്ന വരുണിന് ഇത്തവണ ബിജെപി സ്ഥാനാർഥിപ്പട്ടികയിൽ ഇടം നേടാനായിട്ടില്ല. അമ്മ മേനക ഗാന്ധിയെ സുൽത്താൻപുരിൽ നിലനിർത്തിയിട്ടുമുണ്ട്. സീറ്റ് നിഷേധിച്ചാൽ വരുൺ സ്വതന്ത്രനായി പിലിഭിത്തിൽ മത്സരിക്കുമെന്നു സൂചനയുണ്ടായിരുന്നെങ്കിലും അദ്ദേഹത്തിന്‍റെ വിശ്വസ്തർ തന്നെ ഇതു തള്ളിയിരുന്നു. ഇതിനു പിന്നാലെയാണ് തുറന്നകത്ത്.

അമ്മയുടെ വിരൽത്തുമ്പ് പിടിച്ച് 1983ലാണ് ആദ്യമായി പിലിഭിത്തിലെത്തിയതെന്നു തുടങ്ങുന്ന കത്തിൽ അന്നു മുതൽ എംപിയായതു വരെയുള്ള ബന്ധം വിശദീകരിക്കുന്നു. പിലിഭിത്തിന്‍റെ പ്രതിനിധിയായത് ജീവിതത്തിലെ ഏറ്റവും വലിയ ബഹുമതിയാണ്. എന്‍റെ കഴിവിന്‍റെ പരമാവധി നിങ്ങളുടെ താത്പര്യങ്ങൾക്കായി ഞാൻ എപ്പോഴും ശബ്‌ദം ഉയർത്തിയിട്ടുണ്ട്. നിങ്ങളുടെ എംപിയായല്ല, മകനെന്ന നിലയിൽ ജീവിതാന്ത്യം വരെ പ്രവർത്തിക്കുമെന്നും വരുൺ പറയുന്നു.

പിലിഭിത്ത് മണ്ഡലത്തിൽ നിന്ന് മേനക ഗാന്ധി ആറ് തവണ എംപിയായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. വരുൺ രാഷ്‌ട്രീയത്തിൽ സജീവമായതോടെ പിലിഭിത്ത് മകനു നൽകി മേനക സുൽത്താൻപുരിലേക്കു മാറി. ഇത്തവണ വരുണിന് സീറ്റ് നിഷേധിച്ച ബിജെപി പിലിഭിത്തിൽ ജിതിൻ പ്രസാദയെയാണു സ്ഥാനാർഥിയാക്കിയത്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com