ന്യൂഡൽഹി: സംഘർഷം രൂക്ഷമായ സുഡാനിൽ നിന്ന് ഇന്ത്യക്കാരെ ഒഴിപ്പിക്കുന്ന ദൗത്യം "ഓപ്പറേഷന്‍ കാവേരി"തുടങ്ങിയതായി വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. ഇന്ത്യക്കാരെ ഒഴിപ്പിക്കാന്‍ കപ്പലുകളും വിമാനങ്ങളും അയച്ചു. നിലവിൽ 500 പേരെ സുഡാന്‍ നഗരമായ പോർട്ട് സുഡാനിൽ നിന്നും എത്തിച്ചുകഴിഞ്ഞു. ഇനിയും കൂടുതൽ പേരെ എത്തിക്കാനുള്ള ശ്രമം പുരോഗമിക്കുകയാണെന്നും മന്ത്രി ട്വിറ്ററിലൂടെ അറിയിച്ചു.
ഇന്ത്യക്കാരെ ഒഴിപ്പിക്കാനായി സേനയുടെ സി-130 ജെ വിമാനങ്ങളും ഐഎന്‍എസ് സുമേധ എന്ന കപ്പലുമാണ് ദൗത്യത്തിനായി ഇന്ത്യ ഉപയോഗിക്കുന്നത്. നേരത്തെ ദൗത്യത്തിന്‍റെ ഭാഗമായി സൗദി അറേബ്യയിലെ ജിദ്ദയിൽ 2 വിമാനങ്ങൾ തയ്യാറാക്കി നിർത്തിയിട്ടുണ്ടെന്നും കപ്പൽ സുഡാന്‍ തീരത്തേയ്ക്ക് അയച്ചിട്ടുണ്ടെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയിരുന്നു.
സൈന്യവും അർധസൈനിക വിഭാഗമായ ആർഎസ്എഫും തമ്മിൽ അധികാരത്തിനായുള്ള പോരാട്ടം കടുപ്പിച്ചതോടെ സുഡാന്‍ യഥാർത്ഥത്തിൽ കലാപഭൂമിയായി മാറി. വെടിനിർത്തൽ ധാരണകൾ ലംഘിച്ചാണ് ഇരുപക്ഷവും പോരോട്ടം തുടരുന്നത്. ഗുരുതര പ്രതിസന്ധിയിലാണ് സുഡാന്‍ നിലനിൽക്കുന്നത്. കൂടാതെ വെള്ളം, ഊർജ്ജം, അവശ്യസാധനങ്ങൾ എന്നിവ ലഭ്യമല്ല. രാജ്യത്തെ വിവിധ വിനത്താവളങ്ങൾ ആക്രമണ ഭീഷണിയെത്തുടർന്ന് അടച്ചു. ഒട്ടേറെപ്പേർ നഗരം വിട്ട് ഗ്രാമങ്ങളിലേക്കും മറ്റും ഇപ്പോഴും പലായനം തുടരുകയാണ്.