ഓപ്പറേഷൻ സിന്ദൂർ: 400 ലധികം വിമാനങ്ങൾ റദ്ദാക്കി, 27 വിമാനത്താവളങ്ങൾ അടച്ചു

വിമാനത്താവളങ്ങളിലേക്കും തിരിച്ചുമുള്ള സർവീസുകൾ പൂർണമായും റദ്ദാക്കി
operation sindoor Over 400 flights cancelled, 27 airports shut

ഓപ്പറേഷൻ സിന്ദൂർ: 400 ലധികം വിമാനങ്ങൾ റദ്ദാക്കി, 27 വിമാനത്താവളങ്ങൾ അടച്ചു

Updated on

ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂറിനു പിന്നാലെ രാജ്യം അതീവ ജാഗ്രതയിൽ തുടരുന്നു. ഇന്ത്യ- പാക്കിസ്ഥാന്‍ സംഘർഷ സാഹചര്യം മുന്‍നിർത്തി രാജ്യത്തെ 27 ഓളം വിമാനത്താവളങ്ങൾ അടച്ചിട്ടു. ശനിയാഴ്ച വരെയാണ് ജമ്മു കശ്മീർ മേഖലയിലെ അടക്കം വിമാനത്താവളങ്ങൾ അടച്ചിട്ടതെന്നാണ് റിപ്പോർട്ട്. എയർ ഇന്ത്യ, ഇൻഡിഗോ, സ്‌പൈസ് ജെറ്റ്, എയർ ഇന്ത്യ എക്‌സ്പ്രസ്, ആകാശ എയർ, ചില വിദേശ വിമാനക്കമ്പനികൾ എന്നിവ വിവിധ വിമാനത്താവളങ്ങളിലേക്കും തിരിച്ചുമുള്ള സർവീസുകൾ പൂർണമായും റദ്ദാക്കിയതായി വാർത്താ ഏജൻസി പിടിഐ റിപ്പോർട്ട് ചെയ്തു.

430 വിമാനങ്ങൾ റദ്ദാക്കിയതായും വടക്കൻ, പടിഞ്ഞാറൻ, മധ്യ ഇന്ത്യയിലെ 27 വിമാനത്താവളങ്ങൾ മെയ് 10 ശനിയാഴ്ച പുലർച്ചെ 5.29 വരെ അടച്ചിട്ടതായും ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു. ശ്രീനഗർ, ജമ്മു, ലേ, ചണ്ഡീഗഡ്, അമൃത്സർ, ലുധിയാന, പട്യാല, ബതിന്ദ, ഹൽവാര, പത്താൻകോട്ട്, ഭുന്തർ, ഷിംല, ഗഗ്ഗൽ, ധർമ്മശാല, കിഷൻഗഡ്, ജയ്സാൽമീർ, ജോധ്പൂർ, ബിക്കാനീർ, മുണ്ട്ര, ജാംനഗർ, രാജ്കോട്ട്, പോർബന്ദർ, കാണ്ട്ല, കെശോദ്, ഭുജ്, ഗ്വാളിയോർ, ഹിൻഡൺ എന്നീ വിമാനത്താവളങ്ങളാണ് അടച്ചിട്ടത്.

അതേസമയം പാക്കിസ്ഥാൻ വിമാനക്കമ്പനികളും 147 വിമാന സർവീസുകൾ റദ്ദാക്കി. വിമാനക്കമ്പനികൾ സെൻസിറ്റീവ് മേഖല ഒഴിവാക്കി. മിക്ക അന്താരാഷ്ട്ര വിമാനക്കമ്പനികളും പാക്കിസ്ഥാൻ വ്യോമാതിർത്തി ഉപയോഗിക്കുന്നത് നിർത്തി. പകരം മുംബൈ, അഹമ്മദാബാദ് വഴിയുള്ള വിമാനങ്ങൾ വഴിതിരിച്ചുവിടാൻ തീരുമാനിച്ചു.

ബുധനാഴ്ചയും ഏകദേശം 250 വിമാനങ്ങൾ റദ്ദാക്കിയിരുന്നു. പാക്കിസ്ഥാൻ പ്രത്യാക്രമണം നടത്തുമെന്ന ജാഗ്രതയിൽ, രാജ്യാന്തര അതിര്‍ത്തിയില്‍ ബിഎസ്എഫ് ഹൈ അലര്‍ട്ടിലാണുള്ളത്. ഈ സ്ഥലങ്ങളിലേക്ക് വിമാന യാത്രകൾ ബുക്ക് ചെയ്തിരിക്കുന്നവർ ഫ്ലൈറ്റ് സ്റ്റാറ്റസ് പരിശോധിക്കണെമെന്നും വിവിധ വിമാനക്കമ്പനികൾ വ്യക്തമാക്കി.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com