
ഓപ്പറേഷൻ സിന്ദൂർ: ഇരുരാജ്യങ്ങളും സംയമനം പാലിക്കണമെന്ന് യുഎൻ, ഇന്ത്യയെ പിന്തുണച്ച് ഇസ്രയേൽ
ന്യൂഡൽഹി: ഇന്ത്യയുടെ ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെ പ്രതികരണവുമായി ലോകരാഷ്ട്രങ്ങൾ. ഇന്ത്യയും പാക്കിസ്ഥാനും പരമാവധി സംയമനം പാലിക്കണമെന്നും സൈനിക നീക്കത്തിൽ നിന്ന് പിന്മാറണമെന്നും യുഎൻ സെക്രട്ടറി ജനറൽ ഗുട്ടെറസ് വ്യക്തമാക്കി. ഇന്ത്യയും പാക്കിസ്ഥാനും തമ്മിൽ സൈവനിക നീക്കമുണ്ടായാൽ ആത് ലോകത്തിന് താങ്ങാൻ ആകില്ലെന്നും അദ്ദേഹം പറഞ്ഞു.
ശത്രുത എത്രയും പെട്ടെന്ന് പരിഹരിക്കപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് പറഞ്ഞു. ഇരുരാജ്യങ്ങളും തമ്മിലുള്ള ശത്രുതയ്ക്ക് വർഷങ്ങളുടെ പഴക്കമുണ്ട്. സ്ഥിതിഗതികൾ നിരീക്ഷിച്ചു വരുകയാണെന്നും അദ്ദേഹം പറഞ്ഞു.
മേഖലയിൽ കൂടുതൽ പ്രശ്നങ്ങൾ ഇല്ലാതിരിക്കാൻ ഇരു രാജ്യങ്ങളും സംയമനം പാലിക്കണമെന്ന് റഷ്യൻ വിദേശകാര്യ മന്ത്രാലയം വക്താവ് മരിയ സാഖറോവ പറഞ്ഞു.
സുഹൃത്തുക്കൾ എന്ന നിലയിൽ സംസാരിച്ച് പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി ഇരു രാജ്യങ്ങളെയും പിന്തുണയ്ക്കുമെന്ന് യുകെ വിദേശകാര്യ സെക്രട്ടറി ഡേവിഡ് ലാമി പറഞ്ഞു.
അതേ സമയം ഇസ്രയേൽ ഇന്ത്യയെ പിന്തുണച്ചു. സ്വയം സംരക്ഷിക്കാൻ ഇന്ത്യയ്ക്ക് അവകാശമുണ്ടെന്ന് ഇസ്രയേൽ അംബാസഡർ റൂവെൻ അസർ വ്യക്തമാക്കി. നിഷ്കളങ്കർക്കെതിരേ ക്രൂരത പ്രവർത്തിച്ചതിനു ശേഷം ഒളിച്ചിരിക്കാൻ സാധിക്കില്ലെന്ന് ഭീകരർ തിരിച്ചറിയണമെന്നും അദ്ദേഹം എക്സിൽ കുറിച്ചു.