
124 വയസുള്ള മിന്‍റദേവി! വോട്ടു കൊള്ളയ്ക്കെതിരേ പ്രതിപക്ഷത്തിന്‍റെ ടി ഷർട്ട് പ്രതിഷേധം
ന്യൂഡൽഹി: വോട്ടർ പട്ടികയിൽ ക്രമക്കേട് ആരോപിച്ച് ടി ഷർട്ട് പ്രതിഷേധവുമായി പ്രതിപക്ഷം. ബിഹാറിലെ വോട്ടർ പട്ടികയിൽ ഉൾപ്പെടുത്തിയിരുന്ന 124 വയസുള്ള മിന്‍റ ദേവിയുടെ പേരും ചിത്രവുമുള്ള ടി ഷർട്ട് ധരിച്ചാണ് പ്രിയങ്ക ഗാന്ധി ഉൾപ്പെടെയുള്ളവർ പ്രതിഷേധത്തിനെത്തിയത്.
വോട്ടർ പട്ടിക പ്രകാരം 124 വയസുള്ള മിന്‍റ ദേവി ആദ്യമായി വോട്ടു രേഖപ്പെടുത്തുകയാണ്. 124 വയസ്സിലും യുവതിയായിരിക്കുന്ന മിന്‍റ ദേവിയെ ഗിന്നസ് റെക്കോഡിലേക്ക് ശുപാർശ ചെയ്യുകയാണെന്നാണ് കോൺഗ്രസ് നേതാവ് പവൻ ഖേര എക്സിൽ കുറിച്ചത്.
അത്തരം വിഷയങ്ങളിൽ ചർച്ച ആവശ്യമാണെന്ന് കോൺഗ്രസ് നേതാവ് മാണിക്കം ടാഗോർ പറഞ്ഞു. ബിഹാറിൽ വോട്ടെടുപ്പു നടക്കാനിരിക്കേ പ്രത്യേക തീവ്ര പുനരവലോകനം )എസ്ഐആർ) നടത്തിയത് പിൻവലിക്കണമെന്നും വോട്ടു കൊള്ള അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടാണ് പ്രതിഷേധം.