
ന്യൂഡൽഹി: മണിപ്പൂർ സംഘർഷത്തിൽ ചർച്ച ആവശ്യപ്പെട്ടു കൊണ്ടുള്ള പ്രതിപക്ഷത്തിന്‍റെ പ്രതിഷേധ സമരം കടുത്തതോടെ പാർലമെന്‍റിന്‍റെ ഇരുസഭകളും നിർത്തിവച്ചു. മണിപ്പൂർ വിഷയത്തിൽ പ്രധാനമന്ത്രി പാർലമെന്‍റിൽ പ്രസ്താവന നടത്തണമെന്നാണ് പ്രതിപക്ഷം ആവശ്യപ്പെടുന്നത്. ലോക്സഭാ സമ്മേളനം തുടങ്ങിയ ഉടൻ തന്നെ കോൺഗ്രസ്, ഡിഎംകെ ഇടത് അംഗങ്ങൾ മണിപ്പൂരിൽ ചർച്ച ആവശ്യപ്പെട്ടിരുന്നു. സ്പീക്കർ ഓം ബിർള കോൺഗ്രസ് നേതാവ് അധിർ രഞ്ജൻ ചൗധരിക്ക് സംസാരം അവസരം നൽകിയിരുന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോദി വിഷയത്തിൽ പ്രസ്താവന നടത്തിയതിനു ശേഷം സഭയിൽ ചർച്ച വേണമെന്ന ആവശ്യപ്പെട്ടെങ്കിലും ചോദ്യോത്തര വേളയ്ക്കു ശേഷം ചർച്ച ആകാമെന്നായിരുന്നു മറുപടി. ചർച്ചക്കു ശേഷം ആരു മറുപടി പറയണമെന്ന് നിങ്ങൾക്ക് തീരുമാനിക്കാനാകില്ലെന്നും സ്പീക്കർ വ്യക്തമാക്കി ഇതിനു പിന്നാലെ പ്ലക്കാർഡുകൾ ഏന്തി മുദ്രാവാക്യങ്ങളുമായി പ്രതിപക്ഷ അംഗങ്ങൾ പ്രതിഷേധം കടുപ്പിച്ചു. ഇതോടെ സഭ താത്കാലികമായി പിരിയുകയാണെന്ന് സ്പീക്കർ അറിയിച്ചു.
രാജ്യസഭയിലും മണിപ്പൂർ വിഷയത്തിൽ ചർച്ച ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖർഗെ ഉൾപ്പെടെയുള്ളവർ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി. പ്രതിഷേധം കനത്തതോടെ എഎപി എംപി സഞ്ജയ് സിങ്ങിനെ രാജ്യസഭാ ചെയർമാൻ സസ്പെൻഡ് ചെയ്തു. പാർലമെന്‍റിന്‍റെ വർഷകാല സമ്മേളനം ആരംഭിച്ചതു മുതൽ ഈ വിഷയത്തിൽ പ്രതിപക്ഷം ചർച്ച ആവശ്യപ്പെടുന്നുണ്ട്. വിഷയത്തിൽ ആഭ്യന്തര മന്ത്രി അമിത് ഷാ മറുപടി നൽകിക്കൊണ്ട് ഹ്രസ്വ ചർച്ച നടത്താമെന്ന സർക്കാർ നിലപാട് പ്രതിപക്ഷം തള്ളി.
പാർലമെന്‍റ് വളപ്പിലെ ഗാന്ധി പ്രതിമയ്ക്കു മുന്നിലും പ്രതിപക്ഷ എംപിമാർ സമരം നടത്തി.