സിജെപിയെ പിന്തുണച്ച് പ്രതിപക്ഷ പ്രതിഷേധം; രാജ്യസഭ ഉച്ചയ്ക്ക് രണ്ടു വരെ പിരിഞ്ഞു

പാർലമെന്‍റിന്‍റെ വർഷകാല സമ്മേളനം ആരംഭിച്ച ആദ്യദിവസം തന്നെയാണ് സഭാ നടപടികൾ തടസപ്പെട്ടത്
Rajya Sabha adjourned until 2 PM

രാജ്യസഭ ഉച്ചയ്ക്ക് രണ്ടു വരെ നിർത്തിവച്ചു

Updated on

ന്യൂഡൽഹി: ഡൽഹിയിലെ ജന്തർ മന്തറിൽ നടക്കുന്ന കോക്രോച്ച് ജനതാ പാർട്ടിയുടെ (സിജെപി) സമരത്തെ പിന്തുണച്ച് പ്രതിപക്ഷം ശക്തമായ പ്രതിഷേധമുയർത്തിയതിനെ തുടർന്ന് രാജ്യസഭാ നടപടികൾ തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടു വരെ നിർത്തിവച്ചു. പാർലമെന്‍റിന്‍റെ വർഷകാല സമ്മേളനം ആരംഭിച്ച ആദ്യദിവസം തന്നെയാണ് സഭാ നടപടികൾ തടസപ്പെട്ടത്.

രാവിലെ സഭ ചേർന്ന ഉടൻ പുതുതായി തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുടെ സത്യപ്രതിജ്ഞയും അനുശോചന പ്രമേയങ്ങളും പൂർത്തിയായതിന് പിന്നാലെ പ്രതിഷേധം ഉയർന്നതോടെ സഭ ആദ്യം നിർത്തിവച്ചു. പിന്നീട് ഉച്ചയ്ക്ക് 12 മണിക്ക് സഭ വീണ്ടും ചേർന്നെങ്കിലും പ്രതിഷേധം തുടർന്നതോടെ വീണ്ടും നടപടികൾ തടസപ്പെട്ടു.

ജന്തർ മന്തറിൽ പ്രതിഷേധിക്കുന്നവർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് പ്രതിപക്ഷ അംഗങ്ങൾ മുദ്രാവാക്യം വിളിച്ചു. ഉത്തർപ്രദേശിലെ അയോധ്യ രാമക്ഷേത്ര കൊള്ളയുമായി ബന്ധപ്പെട്ട മുദ്രാവാക്യങ്ങളും പ്രതിപക്ഷം ഉയർത്തി. അംഗങ്ങളോട് സഭയുടെ നടുത്തളത്തിലേക്ക് ഇറങ്ങരുതെന്ന് അഭ്യർഥിച്ചെങ്കിലും പ്രതിപക്ഷം പ്രതിഷേധം അവസാനിപ്പിച്ചില്ല. ഇതോടെ ഉച്ചയ്ക്ക് രണ്ടു വരെ സഭ നിർത്തിവയ്ക്കുന്നതായി രാജ്യസഭാ ചെയർമാൻ സി. പി. രാധാകൃഷ്ണൻ അറിയിക്കുകയായിരുന്നു.

സഭാ നടപടികൾ ആരംഭിച്ചപ്പോൾ തന്നെ പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെ നീറ്റ് യുജി 2026 ചോദ്യപേപ്പർ ചോർച്ച വിഷയം ഉന്നയിച്ചിരുന്നു. ലക്ഷക്കണക്കിന് വിദ്യാർഥികളുടെ ഭാവിയെ ബാധിക്കുന്ന അതീവ ഗൗരവമുള്ള വിഷയമാണിതെന്ന് അദ്ദേഹം പറഞ്ഞു. ആയിരക്കണക്കിന് വിദ്യാർഥികൾ ജന്തർ മന്തറിൽ എത്തിയിട്ടുണ്ടെന്നും അവർക്കെതിരെ ലാത്തിച്ചാർജ് നടത്തിയെന്നും ഖാർഗെ ആരോപിച്ചു. വിഷയത്തെ അടിച്ചമർത്താനാണ് സർക്കാർ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

logo
Metro Vaartha
www.metrovaartha.com