
ന്യൂഡൽഹി: ജഗദീപ് ധൻകറെ ഉപരാഷ്‌ട്രപതി സ്ഥാനത്തു നിന്നു നീക്കാൻ ആവശ്യപ്പെടുന്ന പ്രതിപക്ഷത്തിന്‍റെ പ്രമേയം തള്ളി. പ്രമേയം അനുചിതമെന്നും ഇതിൽ ഗുരുതര പിഴവുകളുണ്ടെന്നും ചൂണ്ടിക്കാട്ടിയാണു രാജ്യസഭാ ഉപാധ്യക്ഷൻ ഹരിവംശിന്‍റെ നടപടി. രാജ്യത്തെ ഭരണഘടനാ സ്ഥാപനങ്ങളെ ഇകഴ്ത്താനും ഇപ്പോഴത്തെ ഉപരാഷ്‌ട്രപതിയെ അപമാനിക്കാനുമുള്ള ശ്രമമായിരുന്നു പ്രതിപക്ഷ നീക്കമെന്നു ഹരിവംശ് റൂളിങ്ങിൽ പറഞ്ഞു.
കഴിഞ്ഞ 10നാണ് 60 പ്രതിപക്ഷ എംപിമാർ തേർന്നു സഭാധ്യക്ഷനെതിരേ നോട്ടീസ് നൽകിയത്. ധൻകർ പക്ഷപാതപരമായി പ്രവർത്തിക്കുന്നെന്നും അദ്ദേഹത്തിൽ വിശ്വാസമില്ലെന്നും ആരോപിച്ചാണു ചട്ടം 67(ബി) പ്രകാരം പ്രമേയത്തിനു നീക്കം നടത്തിയത്. എന്നാൽ, സഭാധ്യക്ഷനെ വ്യക്തിപരമായി ആക്രമിക്കുന്നതിലൂടെ ശ്രദ്ധ നേടാനുള്ള തന്ത്രമാണിതെന്നു ഹരിവംശ് കുറ്റപ്പെടുത്തി.
14 ദിവസം മുൻപ് നോട്ടീസ് നൽകണമെന്ന ചട്ടം പാലിച്ചില്ലെന്നും ധൻകറുടെ പേരെഴുതിയതിൽ അക്ഷരത്തെറ്റുണ്ടെന്നും രാജ്യസഭാ ഉപാധ്യക്ഷൻ ചൂണ്ടിക്കാട്ടി. കഴിഞ്ഞ 10നാണു നോട്ടീസ് നൽകിയത്. ഇതുപ്രകാരം പ്രമേയം പരിഗണിക്കണമെങ്കിൽ 24നുശേഷമേ സാധിക്കൂ. ഇപ്പോഴത്തെ സമ്മേളനം 20ന് അവസാനിക്കും. ഇക്കാര്യം മുൻകൂട്ടി പ്രഖ്യാപിച്ചതും പ്രതിപക്ഷത്തിന് അറിയുന്നതുമാണ്. രാജ്യത്തിന്‍റെ ചരിത്രത്തിൽ ആദ്യമായി കർഷക പശ്ചാത്തലത്തിൽ നിന്നൊരാൾ ഉപരാഷ്‌ട്രപതിയായപ്പോൾ അപമാനിക്കാനാണു ശ്രമം.
നോട്ടീസ് നൽകി രണ്ടാം ദിനം പ്രതിപക്ഷ നേതാവും കോൺഗ്രസ് ചീഫ് വിപ്പും ചേർന്ന് ഉപരാഷ്‌ട്രപതിക്കെതിരേ പത്രസമ്മേളനം നടത്തിയതും ഇതിനെ സാധൂകരിക്കുന്നെന്നും ഹരിവംശ്. 2021ൽ ഉപരാഷ്‌ട്രപതിയായിരുന്ന എം. വെങ്കയ്യ നായിഡു, അന്നത്തെ ഉപാധ്യക്ഷനെതിരായ നോട്ടീസ് തള്ളിയതും ഇപ്പോഴത്തെ റൂളിങ്ങിൽ ചൂണ്ടിക്കാട്ടി.