തത്കാൽ ബുക്കിങ്ങിന് ഒടിപി നിർബന്ധം
ന്യൂഡൽഹി: ട്രെയ്‌നുകളിലെ തത്കാല്‍ ടിക്കറ്റ് ബുക്കിങ്ങിന് ഒടിപി നിര്‍ബന്ധമാക്കി. ഈ മാസം ഒന്നുമുതൽ ഇതു പ്രാബല്യത്തിലായെന്നും സാധാരണ ഉപയോക്താക്കള്‍ക്ക് കൂടുതല്‍ സൗകര്യപ്രദവും സുരക്ഷിതവുമായ യാത്ര ഉറപ്പാക്കാനാണു നടപടിയെന്നും റെയ്‌ൽവേ.
ഇനി മുതല്‍ തത്കാല്‍ ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ യാത്രക്കാരന്‍റെ രജിസ്റ്റര്‍ ചെയ്‌ത മൊബൈല്‍ നമ്പറിലേക്ക് ഒടിപി സന്ദേശം അയക്കും. ഈ ഒടിപി നല്‍കിയാല്‍ മാത്രമേ ബുക്കിങ് പ്രക്രിയ പൂര്‍ത്തിയാകൂ.
ട്രാവല്‍ ഏജന്‍സികളും മറ്റു ചില സ്ഥാപനങ്ങളും നിമിഷങ്ങള്‍ക്കുള്ളില്‍ കൂട്ടത്തോടെ തത്കാല്‍ ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനാല്‍ അത്യാവശ്യക്കാരായ നിരവധി പേര്‍ക്ക് ടിക്കറ്റ് ലഭിക്കുന്നില്ലെന്ന പരാതി വ്യാപകമായ സാഹചര്യത്തിലാണ് റെയ്‌ൽവേയുടെ പരിഷ്കാരം.
ഓണ്‍ലൈന്‍ റിസര്‍വേഷനുകള്‍ക്കായി ആധാറും ഒടിപിയും നിര്‍ബന്ധമാക്കിയതിനു പിന്നാലെയാണ് തത്കാലിലും ഒടിപി ഏർപ്പെടുത്തിയത്. പേരും വിലാസവും സീറ്റ് തെഞ്ഞെടുപ്പുമടുങ്ങുന്ന പ്രാഥമിക വിവരങ്ങള്‍ മാത്രം നൽകിയാൽ തത്കാൽ ബുക്ക് ചെയ്യാമെന്ന രീതി ഇതോടെ അവസാനിച്ചു.
ഐആര്‍സിടിസി വെബ്‌സൈറ്റ്, മൊബൈല്‍ ആപ്പ്, റെയ്‌ല്‍വേ കൗണ്ടറുകള്‍ ഉള്‍പ്പെടെ എല്ലാ ബുക്കിങ് രീതിയിലും പുതിയ ഒടിപി സമ്പ്രദായം ബാധകമാകുമെന്നു റെയ്‌ൽവേ അറിയിച്ചു.