ബീഫ് എന്ന് സംശയം; ഡൽഹി നിസാമുദീൻ റെയ്ൽവേ സ്റ്റേഷനിൽ നിന്ന് 1,000ത്തിലധികം കിലോ ഇറച്ചി പിടികൂടി

ഹൈദരാബാദിൽ നിന്ന് ഡൽഹിയിലേക്ക് വന്ന ദക്ഷിൺ എക്സ്പ്രസിലാണ് 20 പാർസലുകളിലായി ഇറച്ചി എത്തിച്ചത്
Delhi Hazrat Nizamuddin Railway Station

ഡൽഹി ഹസ്രത് നിസാമുദീൻ റെയ്ൽവേ സ്റ്റേഷൻ

Updated on: 

ന്യൂഡൽഹി: ഡൽഹിയിലെ ഹസ്രത് നിസാമുദീൻ റെയ്ൽവേ സ്റ്റേഷനിൽ നിന്ന് ബീഫ് എന്ന് സംശയിക്കുന്ന 1,286 കിലോഗ്രാം ഇറച്ചി പിടികൂടി. ഹൈദരാബാദിൽ നിന്ന് ഡൽഹിയിലേക്ക് വന്ന ദക്ഷിൺ എക്സ്പ്രസിലാണ് 20 പാർസലുകളിലായി ഇറച്ചി എത്തിച്ചത്. റെയ്ൽവേ വിജിലൻസ് യൂണിറ്റിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്നാണ് സ്റ്റേഷനിലെ യാർഡിൽ നിന്ന് ഇറച്ചി പിടികൂടിയത്.

'മട്ടൺ', 'മീറ്റ്' എന്ന പേരിലാണ് പാർസൽ ബുക്ക് ചെയ്തിരുന്നത്. എന്നാൽ, ബീഫ് അടങ്ങിയിട്ടുണ്ടെന്ന സംശയത്തെ തുടർന്ന് അധികൃതർ പരിശോധന നടത്തുകയായിരുന്നു. നവംബർ എട്ടിന് ബറോഡ ഹൗസിലെ റെയ്ൽവേ വിജിലൻസ് യൂണിറ്റിനാണ് ഇതുസംബന്ധിച്ച വിവരം ലഭിച്ചത്.

തുടർന്ന് പൊലീസ്, ഫൊറൻസിക് സയൻസ് ലബോറട്ടറി, വെറ്ററിനറി ഡോക്റ്റർ, റെയ്ൽവേ പ്രൊട്ടക്ഷൻ ഫോഴ്സ് എന്നിവരുടെ സംഘം സ്റ്റേഷനിലെത്തി ഇറച്ചി പിടിച്ചെടുക്കുകയായിരുന്നു. ഇറച്ചിയുടെ സാമ്പിളുകൾ പരിശോധനയ്ക്കായി ശേഖരിച്ചിട്ടുണ്ട്. സംഭവത്തിൽ തുടർനടപടികൾ പുരോഗമിക്കുകയാണെന്ന് പൊലീസ് പറഞ്ഞു.