
ഐസ്വാൾ: കലാപം കത്തിയാളിയ മണിപ്പൂരിൽ നിന്ന് മിസോറമിലേക്ക് കുടിയേറിയത് 7,500 പേർ. തിങ്കളാഴ്ച വൈകിട്ട് 5 മണി വരെയുള്ള കണക്കുകളാണ് മിസോറം അധികൃതർ പുറത്തു വിട്ടിരിക്കുന്നത്. 7527 കുകി സമുദായാംഗങ്ങളാണ് മിസോറമിലേക്ക് കുടിയേറിയിരിക്കുന്നത്.
കുകി സമുദായാംഗങ്ങളും മെയ്തf സമുദായാംഗങ്ങളും തമ്മിലുള്ള കലഹമാണ് മണിപ്പൂരിന്‍റെ സമാധാനം കെടുത്തുന്നത്. കലാപം അവസാനിച്ചെങ്കിലും അതിനെ ചുറ്റിപ്പറ്റിയുള്ള സംഘർഷങ്ങൾ ഇപ്പോഴും മണിപ്പൂരിന്‍റെ അശാന്തമാക്കുന്നുണ്ട്. മിസോറമിലെ 8 ജില്ലകളിലായാണ് മണിപ്പൂരിൽ നിന്നുള്ളവർക്ക് അഭയം നൽകിയിരിക്കുന്നത്.
കൊലാസിബ് ജില്ലയിലാണ് ഏറ്റവുമധികം പേർ കുടിയേറിയിരിക്കുന്നത്. 2685 പേർ. ഐസ്വാളിൽ 2386 പേരും സൈത്വലിൽ 2153 പേരുമാണുള്ളത്. ചമ്പാ ജില്ലയിൽ 164 പേർക്കും ഖോസോളിൽ 36 പേർക്കും സെർച്ചിപ്പിൽ 27പേർക്കും മമിതിൽ 19 പേർക്കും ലുങ്ക്ലേയിൽ 57 പേർക്കും അഭയം നൽകിയിട്ടുണ്ട്.
താത്കാലിക ദുരിതാശ്വാസ ക്യാംപുകളിലാണ് ഇവരെയെല്ലാം പാർപ്പിച്ചിരിക്കുന്നത്. ഇതിനു പുറമേ ബന്ധുക്കൾക്ക് അഭയം നൽകിയ വീടുകളുമുണ്ട്. മിസോറമുമായി 95 കിലോമീറ്റർ നീളമുള്ള അതിർത്തിയാണ് മണിപ്പൂർ പങ്കു വയ്ക്കുന്നത്. മലയോരപ്രദേശങ്ങളിൽ മിസോ ജനതയുമായി സാംസ്കാരിക പാരമ്പര്യത്തിൽ സാദൃശ്യമുള്ള കുകികളാണ് ധാരാളമായി താമസിക്കുന്നത്.