

മുംബൈയിൽ 90,000 തെരുവുനായ്ക്കൾ; എട്ട് ഷെൽറ്ററുകൾ മതിയാകില്ലെന്ന് ബിഎംസി
file image
മുംബൈ: മുംബൈ നഗരത്തിൽ 90,000 തെരുവുനായ്ക്കളും വെറും എട്ട് ഷെൽറ്ററുകളുമാണുള്ളതെന്ന് ബിഎംസി അധികൃതർ. സ്കൂളുകൾ, ആശുപത്രികൾ, റെയിൽവേ സ്റ്റേഷനുകൾ തുടങ്ങിയ പൊതു ഇടങ്ങളിൽ നിന്ന് തെരുവുനായ്ക്കളെ പിടികൂടി വാക്സിനേഷൻ നൽകി ഷെൽറ്ററിലേക്ക് മാറ്റണമെന്ന് സുപ്രീം കോടതി ഉത്തരവിട്ട സാഹചര്യത്തിലാണ് ബിഎംസി തെരുവുനായ്ക്കളുടെ എണ്ണം പുറത്തു വിട്ടിരിക്കുന്നത്. ഇത്രയും തെരുവുനായ്ക്കളെ പാർപ്പിക്കാൻ ഷെൽറ്ററുകളുടെ എണ്ണം വർധിപ്പിക്കേണ്ടി വരുമെന്നും ബിഎംസി പറയുന്നു. എട്ട് ആഴ്ചയ്ക്കുള്ളിൽ ഉത്തരചടവ് നടപ്പാക്കണമെന്നാണ് സുപ്രീം കോടതിയുടെ ഉത്തരവ്. തെരുവുനായ്ക്കളുടെ ആക്രമണത്തിൽ പരുക്കേൽക്കുന്നവരുടെ എണ്ണം വർധിച്ച സാഹചര്യത്തിലാണ് സുപ്രീം കോടതിയുടെ ഉത്തരവ്.
12 മുതൽ 15 വർഷം വരെയാണ് ഒരു നായയുടെ ആയുസ്. വാക്സിനേഷൻ നൽകി എത്തിക്കുന്ന നായകളെ നോക്കാനായി ഷെൽറ്ററുകളിൽ സ്ഥിരം ജീവനക്കാരെയും ഡോക്റ്റർമാരെയും നിയമിക്കേണ്ടതായി വരും. മാത്രമല്ല അവയ്ക്ക് ഭക്ഷണവും വെള്ളവും ഉറപ്പാക്കണം. എന്നാൽ സുപ്രീം കോടതിയുടെ ഉത്തരവ് ഒരു ശാസ്വത പരിഹാരമല്ലെന്ന് മൃഗസ്നേഹികൾ പറയുന്നു. നായകൾ വളരെ വേഗത്തിൽ പെറ്റു പെരുകും. അതു കൊണ്ട് തന്നെ പൊതു ഇടങ്ങളിൽ നിന്ന് നായകളെ നീക്കം ചെയ്യുക എന്നത് ഒരിക്കലും അവസാനിക്കാത്ത പ്രക്രിയ ആയി തുടരും.
സാധാരണയായി അനാഥരായ നായ്ക്കുഞ്ഞുങ്ങളെയും ഭിന്നശേഷിയുള്ള നായ്ക്കളെയും പാർപ്പിക്കാനായാണ് ഷെൽറ്ററുകൾ ഉപയോഗിക്കാറുള്ളത്. തെരുവുനായ്ക്കൾ പൂർണ ആരോഗ്യമുള്ള മൃഗങ്ങളാണ്. അവയെ ഷെൽറ്ററിൽ അടച്ചിട്ട് വളർത്തുന്നത് തികച്ചും പ്രതികൂലമായ അവസ്ഥ ക്ഷണിച്ചു വരുമെന്നാണ് അഭിഭാഷകൻ കൂടിയായ പവൻ ശർമ പറയുന്നത്.