Owaisi to Bhutto, who killed your mother

ആസാദുദ്ദീൻ ഒവൈസി, ബിലാവൽ ഭൂട്ടോ സർദാരി

''നിന്‍റെ അമ്മയെ കൊന്നതാരെന്ന് മറക്കരുത്'', ബിലാവൽ ഭൂട്ടോയോട് ഒവൈസി

നിങ്ങൾ ഞങ്ങളുടെ രാജ്യത്തെ ആക്രമിച്ച രീതി, ആളുകളോട് മതം ചോദിച്ച ശേഷം വെടിവച്ച രീതി, എന്തു മതത്തെക്കുറിച്ചാണ് നിങ്ങൾ സംസാരിക്കുന്നത്?
Published on

ന്യൂഡൽഹി: സിന്ധു നിദിയിൽ വെള്ളമൊഴുകിയില്ലെങ്കിൽ ഇന്ത്യക്കാരുടെ രക്തമൊഴുകും എന്ന പാക്കിസ്ഥാൻ പീപ്പിൾസ് പാർട്ടി നേതാവ് ബിലാവൽ ഭൂട്ടോ സർദാരിയുടെ ഭീഷണിക്ക് പ്രതികരണവുമായി എഐഎംഐഎം നേതാവും എംപിയുമായി ആസാദുദ്ദീൻ ഒവൈസി.

ബിലാവലിന്‍റെ അമ്മയും പാക്കിസ്ഥാന്‍റെ മുൻ പ്രധാനമന്ത്രിയുമായ ബേനസീർ ഭൂട്ടോയെ കൊന്നതാരാണെന്ന് ഓർക്കണം, ബിലാവലിന്‍റെ മുത്തച്ഛനും പാക്കിസ്ഥാന്‍റെ മുൻ പ്രസിഡന്‍റുമായ സുൾഫിക്കർ അലി ഭൂട്ടോയെ കൊന്നതാരാണെന്ന് ഓർക്കണം- ഒവൈസി പറഞ്ഞു.

2023 വരെ പാക്കിസ്ഥാന്‍റെ വിദേശകാര്യ മന്ത്രിയായിരുന്ന ബിലാവൽ ഭൂട്ടോ ഇപ്പോഴും ഭരണ മുന്നണിയുടെ ഭാഗമാണ്. പഹൽഗാം ഭീകരാക്രമണത്തിനു പിന്നാലെ സിന്ധു നദീജല കരാർ മരവിപ്പിക്കാൻ ഇന്ത്യ തീരുമാനിച്ചതോടെയാണ് ബിലാവൽ വിവാദ പ്രസ്താവന നടത്തിയത്.

ഇതെക്കുറിച്ച് ചോദിച്ചപ്പോൾ, ബിലാവലിന്‍റേത് ബാലിശമായ വാക്കുകളാണെന്നാണ് ഒവൈസി പറഞ്ഞത്. ബിലാവലിന്‍റെ അമ്മയെ കൊന്നത് ഭീകരരാണ്. അതുകൊണ്ട് അയാൾ ഇങ്ങനെയൊന്നും സംസാരിക്കരുത്. എന്തിനെക്കുറിച്ചാണ് സംസാരിക്കുന്നതെങ്കിലും അയാൾക്കറിയാമോ? അമെരിക്കയിൽനിന്നു വല്ലതും കിട്ടിയില്ലെങ്കിൽ മുന്നോട്ടു ചലിക്കാത്ത രാജ്യമാണ് നമ്മളെ നോക്കി പേടിപ്പിക്കാൻ ശ്രമിക്കുന്നത്- ഒവൈസി കൂട്ടിച്ചേർത്തു.

പാക്കിസ്ഥാൻ നേതാക്കൾ ഉയർത്തിയ ആണവായുധ ഭീഷണിയെക്കുറിച്ചും ഒവൈസി പ്രതികരിച്ചു. ''ഓർത്തോളൂ, ഒരു രാജ്യത്ത് അതിക്രമിച്ചു കയറി നിഷ്കളങ്കരായ സിവിലിയൻമാരെ കൂട്ടക്കൊല ചെയ്താൽ ലോകത്തൊരു രാജ്യവും വെറുതേയിരിക്കില്ല, അധികാരത്തിലിരിക്കുന്നത് ആരായാലും. നിങ്ങൾ ഞങ്ങളുടെ രാജ്യത്തെ ആക്രമിച്ച രീതി, ആളുകളോട് മതം ചോദിച്ച ശേഷം വെടിവച്ച രീതി, എന്തു മതത്തെക്കുറിച്ചാണ് നിങ്ങൾ സംസാരിക്കുന്നത്? നിങ്ങൾ ഐഎസ്ഐഎസ് അനുകൂലികളാണ്'', ഒവൈസി പറഞ്ഞു.

logo
Metro Vaartha
www.metrovaartha.com