
ദേശീയപാതാ അഥോറിറ്റിക്ക് സമഗ്ര ഓഡിറ്റ് വേണമെന്ന് പിഎസി
ന്യൂഡൽഹി: കേരളത്തിലെ ദേശീയപാതാ നിർമാണത്തിൽ രൂക്ഷ വിമർശനവുമായി പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി (പിഎസി). റിപ്പോർട്ട് പാർലമെന്‍റിൽ സമര്‍പ്പിച്ചു. ദേശീയപാതാ അഥോറിറ്റിയുടെ പ്രവർത്തനത്തിൽ സമഗ്ര ഓഡിറ്റ് വേണമെന്ന് സമിതി ശുപാര്‍ശ ചെയ്തു. ഓരോ സംസ്ഥാനത്തും ഡിസൈൻ തീരുമാനിക്കുമ്പോൾ വിശാല കൂടിയാലോചന വേണം. എംപിമാരുൾപ്പടെ ജനപ്രതിനിധികളുമായും സംസ്ഥാന വിദഗ്ധരുമായും കൂടിയാലോചന വേണം.
റോഡ് തകർന്ന കൂരിയാടിൽ ഡിസൈൻ തകരാറ് ഉണ്ടായെന്ന് ദേശീയപാതാ അഥോറിറ്റി സമ്മതിച്ചതായി റിപ്പോർട്ടില്‍ പറയുന്നു. ഇതിന് ഉത്തരവാദികളായ ഉദ്യോഗസ്ഥർക്കെതിരേ കർശന നടപടി സ്വീകരിക്കണം. വീഴ്ച വരുത്തിയ കമ്പനികളെ കരിമ്പട്ടികയിൽപ്പെടുത്തി ഭാവിയിൽ കരാറുകള്‍ നല്‍കരുതെന്നും ശുപാർശയുണ്ട്. ഉപകരാറുകൾ തീരെ കുറഞ്ഞ തുകയ്ക്ക് നല്‍കുന്നതിൽ പിഎസി ആശങ്ക രേഖപ്പെടുത്തി.
കടമ്പാട്ടുകോണം- കഴക്കൂട്ടം പാതയ്ക്ക് കരാറെടുത്തത് 3,684 കോടി രൂപയ്ക്കാണ്. എന്നാൽ ഉപകരാർ നല്‍കിയത് 795 കോടിക്ക്. കേരളത്തിൽ ഉപകരാറുകളുടെ ശരാശരി എടുത്താൽ ടെൻഡർ തുകയുടെ 54 ശതമാനം മാത്രമെന്നും സമിതി കണ്ടെത്തി.
ഉപകരാറുകളുടെ വിശദമായ വിലയിരുത്തൽ ഗതാഗത മന്ത്രാലയം നടത്തണം. ഡിസൈൻ തയാറാക്കാനും അംഗീകരിക്കാനുമുള്ള സംവിധാനം ദേശീയപാതാ അഥോറിറ്റിക്ക് വേണം. ടോൾ നിശ്ചയിക്കാൻ പ്രത്യേക നിയന്ത്രണ അഥോറിറ്റി രൂപീകരിക്കണം- കോൺഗ്രസ് ദേശീയ ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എംപി അധ്യക്ഷനായ സമിതിയുടെ റിപ്പോർട്ടില്‍ പറയുന്നു.