
സുബ്ബണ്ണ അയ്യപ്പൻ
മൈസൂർ: പത്മശ്രീ അവാർഡ് ജേതാവും കാർഷിക ശാസ്ത്രജ്ഞനുമായ ഡോ. സുബ്ബണ്ണ അയ്യപ്പൻ മരിച്ച നിലയിൽ. മൈസൂരിനടുത്ത് കാവേരി നദിയിൽ നിന്നാണ് മൃതദേഹം കണ്ടെടുത്തത്. മൃതദേഹം നദിയിലൂടെ ഒഴുകിവരുന്നത് ശ്രദ്ധയിൽപ്പെട്ട പ്രദേശവാസികൾ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.
പൊലീസ് സംഭവ സ്ഥലത്തെത്തി മൃതദേഹം പുറത്തെടുത്തു. തുടർന്ന് നടത്തിയ പരിശോധനയിലാണ് മൃതദേഹം സുബ്ബണ്ണ അയ്യപ്പന്‍റെതാണെന്ന് തിരിച്ചറിഞ്ഞത്. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഇദ്ദേഹത്തിന്‍റെ ഇരുചക്ര വാഹനം പുഴയുടെ കരയിൽ നിന്നു കണ്ടെടുത്തിട്ടുണ്ട്.
മേയ് 7 മുതലാണ് സുബ്ബണ്ണയെ കാണാതായത്. പിന്നാലെ ബന്ധുക്കൾ മൈസൂരിലുള്ള വിദ‍്യാരണ‍്യപുരം പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. ധ‍്യാനത്തിലും മറ്റും താത്പര‍്യമുണ്ടായിരുന്ന സുബ്ബണ്ണയെ തേടി പൊലീസ് ധ‍്യാന കേന്ദ്രത്തിൽ അന്വേഷണം നടത്തിയെങ്കിലും അദ്ദേഹത്തെ കണ്ടെത്താൻ സാധിച്ചിരുന്നില്ല.
സിസിടിവി കേന്ദ്രീകരിച്ചും പൊലീസ് അന്വേഷണം നടത്തിയിരുന്നു. തന്‍റെ ഇരുചക്രവാഹനത്തിലാണ് സുബ്ബണ്ണ നദീതീരത്ത് എത്തിപ്പെട്ടതെന്നാണ് പെലീസിന്‍റെ നിഗമനം.