
പഹൽഗാം ആക്രമണം: ഭീകരരെ കസ്റ്റഡിയിൽ വിട്ടു
ശ്രീനഗർ: പഹൽഗാം ഭീകരാക്രമണ കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പർവേസ് അഹമ്മദ് ജോത്തർ, ബഷീർ അഹമ്മദ് ജോത്തർ എന്നിവരെ 5 ദിവസത്തേക്ക് എൻഐഎ കസ്റ്റഡിയിൽ വിട്ടു. ആക്രമണം നടത്തിയ പാക് ഭീകരർക്ക് സഹായം നൽകിയതിനാണ് കശ്മീർ സ്വദേശികളെ ഇവരെ എൻഐഎ അറസ്റ്റ് ചെയ്തത്.
ആക്രമണത്തിന് മുൻപ് പർവേസും ബഷീറും ബൈസരൺ വാലി ഹിൽ പാർക്കിലെ താത്കാലിക കുടിലിൽ ലഷ്കർ ഇ തൊയ്ബ അംഗങ്ങളായ മൂന്നു പാക് ഭീകരർക്കും താമസ സൗകര്യം ഒരുക്കിയിരുന്നു. ഭീകരർക്കാവശ്യമുള്ള ഭക്ഷണവും മറ്റ് സഹായങ്ങളും ഇവർ നൽകിയതായും അന്വേഷണസംഘം കണ്ടെത്തി.
എൻഐഎയുടെ ചോദ്യംചെയ്യലിൽ ആക്രമണത്തിൽ പങ്കെടുത്ത ഭീകരരുടെയും വിവരങ്ങൾ ഇവർ കൈമാറിയതായും അന്വേഷണ ഏജൻസി കോടതിയെ അറിയിച്ചു. ആക്രമണം നടത്തിയ ഭീകരർ തിരികെ പാക്കിസ്ഥാനിലേക്കു കടന്നതായും സൂചനയുണ്ട്.