
യുഎന്നിലെ ഇന്ത്യൻ അംബാസഡർ പർവതനേനി ഹരീഷ്
ന്യൂഡൽഹി: ഐക്യരാഷ്ട്ര സഭയിൽ പാക്കിസ്ഥാൻ നിരന്തരം ജമ്മു കശ്മീരിനെക്കുറിച്ച് പരാമർശം നടത്തുന്നത് നിയമവിരുദ്ധമെന്ന് ഇന്ത്യ. കശ്മീർ എന്നും ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്ന് യുഎന്നിലെ ഇന്ത്യൻ അംബാസഡർ പർവതനേനി ഹരീഷ് വ്യക്തമാക്കി.
പാക്കിസ്ഥാൻ കൈയടക്കു വച്ചിരിക്കുന്ന കശ്മീരിന്‍റെ ഭാഗങ്ങളിൽ നിന്ന് അവർ ഒഴിഞ്ഞു പോകുകയാണു വേണ്ടതെന്നും ഹരീഷ് പറഞ്ഞു. ഐക്യരാഷ്ട്ര സഭയുടെ ശ്രദ്ധ തിരിക്കാൻ ശ്രമിക്കരുതെന്നാണ് പാക്കിസ്ഥാനെ ഉപദേശിക്കാനുള്ളത്. ഈ വിഷയത്തിൽ കൂടുതൽ വിശദമായ മറുപടി നൽകാൻ ഇന്ത്യൻ ഉദ്ദേശിക്കുന്നില്ലെന്നും ഹരീഷ്.
പാക്കിസ്ഥാനിലെ ബലൂചിസ്ഥാനിൽ ട്രെയിൻ തട്ടിക്കൊണ്ടു പോയ സംഭവത്തിൽ ഇന്ത്യക്കു പങ്കുണ്ടെന്നു പോലും പാക്കിസ്ഥാൻ അനൗദ്യോഗികമായി ആരോപണം ഉന്നയിച്ചിരുന്നു. ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം ഇതു നിരാകരിക്കുകയും ചെയ്തിട്ടുണ്ട്.
''പാക്കിസ്ഥാന്‍റെ ആരോപണം അടിസ്ഥാനരഹിതമാണ്. ആഗോള ഭീകരതയുടെ പ്രഭവകേന്ദ്രം പാക്കിസ്ഥാനാണെന്ന് ലോകത്തിനു മുഴുവനറിയാം. ആഭ്യന്തര പ്രശ്നങ്ങളിൽ നിന്നു ശ്രദ്ധ തിരിക്കാൻ മറ്റുള്ളവരെ പഴിചാരുകയാണ് പാക്കിസ്ഥാൻ ഇപ്പോൾ ചെയ്യുന്നത്'', വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.