
450 കിലോമീറ്റർ ദൂരപരിധി; ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണം വിജയകരമെന്ന അവകാശവാദവുമായി പാക്കിസ്ഥാന്‍
ഇസ്‌ലാമാബാദ്: കരയിൽ നിന്നു കരയിലേക്ക് വിക്ഷേപിക്കാൻ സാധിക്കുന്ന ബാലിസ്റ്റിക് മിസൈൽ ശനിയാഴ്ച വിജയകരമായി പരീക്ഷിച്ചുവെന്നറിയിച്ച് പാക്കിസ്ഥാൻ. 450 കിലോമീറ്റർ ദൂരപരിധിയുള്ള അബ്ദാലി മിസൈലാണ് പരീക്ഷിച്ചതെന്നും പാക്കിസ്ഥാൻ അവകാശവാദമുന്നയിക്കുന്നു. അബ്ദാലി വെപ്പൺ സിസ്റ്റം എന്നറിയപ്പെടുന്ന മിസൈൽ, എക്സർസൈസ് INDUS-ന്‍റെ ഭാഗമായാണ് വിക്ഷേപിച്ചതെന്നും അവകാശപ്പെട്ടു.
പരീക്ഷണത്തിന്‍റെ ദൃശ്യങ്ങളും പാക് അധികൃതർ പുറത്തുവിട്ടു. പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യ സൈനിക നടപടിക്കൊരുങ്ങുന്നു എന്ന ആശങ്ക പാക് നേതാക്കള്‍ പ്രകടിപ്പിച്ചിരുന്നു. പാക്കിസ്താനെതിരായ നീക്കങ്ങള്‍ ഇന്ത്യ ദിനംപ്രതി കടുപ്പിച്ച് വരുന്നതിനിടെയാണിത്. പാക്കിസ്താന്‍റെ സൈനിക തലവന്മാര്‍, ഉന്നത ഉദ്യോഗസ്ഥര്‍, ശാസ്ത്രജ്ഞര്‍, എഞ്ചിനീയര്‍മാര്‍ തുടങ്ങിയവര്‍ പരിശീലനം വീക്ഷിക്കാനെത്തിയിരുന്നു.
പരീക്ഷണം നടത്തിയത് എല്ലാത്തിനും സജ്ജമാകുന്നതിന്‍റെ ഭാഗമായിട്ടാണെന്നും പാക് സൈന്യം വ്യക്തമാക്കിയതായാണ് റിപ്പോർട്ട്. പാക്കിസ്ഥാന്‍റെ ഇത്തരം പരീക്ഷണം നടത്തൽ പ്രകോപനമായി കണക്കാക്കുമെന്ന് നേരത്തെ, ഇന്ത്യ വ്യക്തമാക്കിയിരുന്നു. ഏതെങ്കിലും തരത്തിലുള്ള പ്രകോപനമുണ്ടായാൽ ഉടന്‍ തിരിച്ചടിക്കുമെന്നും ഇന്ത്യയുടെ കര-നാവിക-വ്യോമ സേന കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.