ഇന്ത്യ - പാക് വെടിനിർത്തൽ: വിവരങ്ങൾ ചോർത്തിയത് പാക്കിസ്ഥാനെന്ന് മുൻ സിഡിഎസ്

വെടിനിർത്തൽ ചർച്ചകൾ അതീവ രഹസ്യമായാണ് നടത്തിയത്. ഇന്ത്യ ഈ വിവരം പുറത്തുവിട്ടിട്ടില്ലെന്നും പാക്കിസ്ഥാന്‍റെ ഭാഗത്തുനിന്നാണ് വിവരങ്ങൾ അമെരിക്കയിലെത്തിയതെന്നാണ് കരുതുന്നതെന്നും ജനറൽ അനിൽ ചൗഹാൻ
ഇന്ത്യ - പാക് വെടിനിർത്തൽ: വിവരങ്ങൾ ചോർത്തിയത് പാക്കിസ്ഥാനെന്ന് മുൻ സിഡിഎസ്

ജനറൽ അനിൽ ചൗഹാൻ, മുൻ സിഡിഎസ്.

Updated on

ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂർ സൈനിക നടപടി അവസാനിപ്പിക്കാൻ ഇന്ത്യയും പാക്കിസ്ഥാനും തമ്മിൽ നടത്തിയ വെടിനിർത്തൽ ചർച്ചയുടെ വിവരങ്ങൾ അമെരിക്കയ്ക്ക് ചോർത്തിക്കൊടുത്തത് പാക്കിസ്ഥാനാകാമെന്ന് ഇന്ത്യയുടെ മുൻ സംയുക്ത സൈനിക മേധാവി (CDS) ജനറൽ അനിൽ ചൗഹാൻ.

വെടിനിർത്തൽ തങ്ങളുടെ മധ്യസ്ഥതയിലാണ് സാധ്യമായതെന്ന യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ അവകാശവാദങ്ങൾ തള്ളിക്കൊണ്ടാണ് മുൻ സൈനിക മേധാവിയുടെ പ്രതികരണം. ഇന്ത്യയും പാക്കിസ്ഥാനും ഔദ്യോഗികമായി പ്രഖ്യാപിക്കുന്നതിന് മുൻപ് തന്നെ ട്രംപ് എങ്ങനെയാണ് ഇതിനെക്കുറിച്ച് ട്വീറ്റ് ചെയ്തതെന്ന ചോദ്യത്തിനാണ് അദ്ദേഹം മറുപടി നൽകിയത്.

വെടിനിർത്തൽ ചർച്ചകൾ അതീവ രഹസ്യമായാണ് നടത്തിയത്. ഇന്ത്യ ഈ വിവരം പുറത്തുവിട്ടിട്ടില്ലെന്നും പാക്കിസ്ഥാന്‍റെ ഭാഗത്തുനിന്നാണ് വിവരങ്ങൾ അമെരിക്കയിലെത്തിയതെന്നാണ് കരുതുന്നതെന്നും ജനറൽ അനിൽ ചൗഹാൻ പറഞ്ഞു.

മൂന്നാമതൊരു രാജ്യത്തിന്‍റെയോ വ്യക്തിയുടെയോ മധ്യസ്ഥത ഇതിലില്ല. ഇരു രാജ്യങ്ങളുടെയും സൈനിക ഓപ്പറേഷൻസ് ഡയറക്റ്റർ ജനറൽമാർ (DGMO) നേരിട്ട് ഫോണിൽ സംസാരിച്ചാണ് തീരുമാനം എടുത്തതെന്നും അദ്ദേഹം വ്യക്തമാക്കി.

തങ്ങളുടെ ഇടപെടലും തീരുവ ഭീഷണിയുമാണ് യുദ്ധം അവസാനിപ്പിച്ചതെന്ന ഡോണൾഡ് ട്രംപിന്‍റെ വാദം മുൻപും ഇന്ത്യ ഔദ്യോഗികമായി തള്ളിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും പാർലമെന്‍റിൽ ഈ വിഷയം വ്യക്തമാക്കിയതാണ്.

2025 ഏപ്രിൽ 22-ന് ജമ്മു കശ്മീരിലെ പഹൽഗാമിൽ 26 പേരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണത്തിന് മറുപടിയായാണ് ഇന്ത്യ 'ഓപ്പറേഷൻ സിന്ദൂർ' ആരംഭിച്ചത്.

പാക്കിസ്ഥാനിലെയും പാക് അധീന കശ്മീരിലെയും ഭീകര കേന്ദ്രങ്ങൾക്ക് നേരെ ഇന്ത്യൻ സൈന്യം ശക്തമായ തിരിച്ചടി നൽകുകയായിരുന്നു. നാല് ദിവസം നീണ്ട ഏറ്റുമുട്ടലിനൊടുവിൽ മേയ് 10-നാണ് ഇരുരാജ്യങ്ങളും വെടിനിർത്തലിൽ എത്തിയത്.

logo
Metro Vaartha
www.metrovaartha.com