
മോഹൻ ഭാഗവത്
File
ന്യൂഡൽഹി: പാക് അധീന കശ്മീർ ഇന്ത്യയെന്ന വീട്ടിലെ ഒരു മുറി മാത്രമെന്ന് ആർഎസ്എസ് മേധാവി ഡോ. മോഹൻ ഭാഗവത്. അപരിചിതർ കൈയടക്കിയ മുറിയാണിത്. ഇതു തിരിച്ചുപിടിക്കേണ്ടതുണ്ടെന്നും മധ്യപ്രദേശിലെ സത്നയിൽ ഒരു പരിപാടിയിൽ മോഹൻ ഭാഗവത് പറഞ്ഞു. നിരവധി സിന്ധി സഹോദരന്മാരുണ്ട് ഇവിടെ. അതിൽ സന്തോഷവാനാണു ഞാൻ. അവർ പാക്കിസ്ഥാനിലേക്കു പോയില്ല. അവിഭക്ത ഇന്ത്യയിലേക്കാണു പോയത്. സാഹചര്യങ്ങൾ നമ്മളെ ആ വീട്ടിൽ നിന്ന് ഇങ്ങോട്ട് അയച്ചത് ആ വീടും ഈ വീടും വ്യത്യസ്തമല്ലാത്തതുകൊണ്ടാണ്.
ഇന്ത്യയെന്നത് നമ്മുടെ വീടാണ്. ചിലർ അതിലൊരു മുറി വേർപെടുത്തി. അവിടെയാണ് എന്‍റെ മേശയും കസേരയും തുണികളും സൂക്ഷിച്ചിരുന്നത്. അവരത് കൈയടക്കി. നാളെ ഞാനതു തിരിച്ചുപിടിക്കും- നിറഞ്ഞ കരഘോഷത്തിനിടെ ഭാഗവത് പറഞ്ഞു.
പാക് അധീന കശ്മീരിൽ പാക്കിസ്ഥാൻ ഭരണകൂടത്തിനെതിരേ വലിയ പ്രക്ഷോഭം തുടരുന്നതിനിടെയാണു മോഹൻ ഭാഗവതിന്‍റെ പ്രസ്താവന. മൂന്നു ദിവസത്തിനിടെ 10 പേർ മരിക്കുകയും 100 പേർക്കു പരുക്കേൽക്കുകയും ചെയ്ത പ്രക്ഷോഭം രാജ്യാന്തര സമൂഹത്തിനു മുന്നിൽ പാക്കിസ്ഥാന്‍റെ പൊള്ളത്തരം തുറന്നുകാട്ടിയിരുന്നു.