ഡൽഹിയിലെ നാവികസേനാ ആസ്ഥാനത്തു നിന്നും പാക് ചാരൻ പിടിയിൽ

ഹരിയാന സ്വദേശിയായ വിശാലാണ് അറസ്റ്റിലായത്
pakistan spy arrested from navy headquarters delhi

വിശാൽ

Updated on

ന‍്യൂഡൽഹി: പാക്കിസ്ഥാന്‍റെ ഇന്‍റലിജൻസ് ഏജൻസിയായ ഐഎസ്ഐക്കു വേണ്ടി ഓപ്പറേഷൻ സിന്ദൂറിന്‍റെതടക്കമുള്ള നിർണായക വിവരങ്ങൾ ചോർത്തിയ ഹരിയാന സ്വദേശി അറസ്റ്റിൽ. ഡൽഹിയിലെ നാവികസേനാ ആസ്ഥാനത്തു നിന്നുമാണ് രാജസ്ഥാൻ പൊലീസിന്‍റെ ഇന്‍റലിജൻസ് വിങ് ഇ‍യാളെ അറസ്റ്റ് ചെയ്തത്. ഹരിയാന സ്വദേശിയായ വിശാൽ ആണ് അറസ്റ്റിലായത്.

പല രഹസ‍്യ വിവരങ്ങളും ഇയാൾ പാക്കിസ്ഥാന് കൈമാറിയിരുന്നതായാണ് വിവരം. ഇ‍യാളുടെ ഫോൺ പരിശോധിച്ചപ്പോഴാണ് ഐഎസ്ഐ അംഗമായ ഒരു യുവതിക്ക് വിവരങ്ങൾ ചോർത്തി നൽകിയതായി കണ്ടെത്തിയത്. നാവികസേനയുമായി ബന്ധപ്പെട്ട രേഖകൾ കൂടാതെ മറ്റ് പ്രതിരോധ സംവിധാനങ്ങളെ പറ്റിയുള്ള വിവരങ്ങളും ഇയാൾ ചോർത്തിയിരുന്നതായാണ് വിവരം.

പണത്തിനു വേണ്ടിയാണ് വിശാൽ പാക്കിസ്ഥാന് വേണ്ടി ചാര പ്രവൃത്തി നടത്തിയതെന്നാണ് രാജസ്ഥാൻ പൊലീസ് സിഐഡി ഇന്‍റലിജൻസ് വിഭാഗത്തിലെ മുതിർന്ന ഉദ‍്യോഗസ്ഥൻ‌ പറയുന്നത്. വളരെ കാലമായി ഇയാളെ നിരീക്ഷിച്ചു വരുകയായിരുന്നുവെന്നും ഇന്ത‍്യക്കാരെ ചാരന്മാരായി ഉപയോഗിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതോടെയാണ് നിരീക്ഷണം ശക്തമാക്കിയതെന്നും ഉദ‍്യോഗസ്ഥൻ പറഞ്ഞു.

സമൂഹമാധ‍്യമത്തിലൂടെ പാക്കിസ്ഥാൻ ഇന്‍റലിജൻസ് അംഗമായ ഒരു യുവതിയുമായി വിശാൽ പതിവായി ബന്ധപ്പെട്ടിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. ക്രിപ്റ്റോ കറൻസി ട്രേഡിങ് അക്കൗണ്ടിലൂടെ വിശാലിന് അവർ പണം നൽകിയിട്ടുണ്ട്.

ഓൺലൈൻ ഗെയ്മിങ്ങിൽ ആസക്തനായിരുന്ന വിശാൽ തനിക്കുണ്ടായ നഷ്ടങ്ങൾ നികത്തുന്നതിനു വേണ്ടിയും വീണ്ടും കളിക്കുന്നതിനുള്ള പണം കണ്ടെത്തുന്നതിനു വേണ്ടിയുമാണ് ചാരപ്പണി ചെയ്തതെന്നാണ് മൊഴി നൽകിയിരിക്കുന്നത്. സംഭവത്തിൽ വിശാലിനൊപ്പം കൂടുതൽ പേർക്ക് പങ്കുണ്ടോയെന്നുൾപ്പെടെയുള്ള കാര‍്യങ്ങൾ അന്വേഷണ ഏജൻസികൾ അന്വേഷിച്ചു വരികയാണ്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com