
പർവ്വതനേനി ഹരീഷ്
ന്യൂഡൽഹി: ഐക്യരാഷ്ട്രസഭയിൽ സ്ത്രീകളുടെ സമാധാനവും സുരക്ഷയും സംബന്ധിച്ച ചർച്ചയ്ക്കിടെ വീണ്ടും പാക്കിസ്ഥാനെ വിമർശിച്ച് ഇന്ത്യ. ഐക്യരാഷ്ട്രസഭയിലെ സുരക്ഷാ കൗൺസിലിന്‍റെ ചർച്ചയിൽ സംസാരിച്ച ഇന്ത്യയുടെ സ്ഥിരം പ്രതിനിധി പർവ്വതനേനി ഹരീഷ്, ഇന്ത്യയ്‌ക്കെതിരേ പ്രത്യേകിച്ച് ജമ്മു കശ്മീരിനെതിരേ, പാക്കിസ്ഥാൻ നടത്തുന്ന ആരോപണങ്ങൾക്കെതിരേ പ്രതികരിച്ചു.
"എല്ലാ വർഷവും നിർഭാഗ്യവശാൽ, എന്‍റെ രാജ്യത്തിനെതിരേ പ്രത്യേകിച്ച് അവർ കൊതിക്കുന്ന ഇന്ത്യൻ പ്രദേശമായ ജമ്മു കശ്മീരിനെതിരേ പാക്കിസ്ഥാന്‍റെ വ്യാമോഹപരമായ വിമർശനങ്ങൾ കേൾക്കാൻ നമ്മൾ വിധിക്കപ്പെടുന്നു. പാക്കിസ്ഥാൻ അതിശയോക്തി ഉപയോഗിച്ച് ലോകത്തെ വഴിതെറ്റിക്കുകയാണ്." അദ്ദേഹം പറഞ്ഞു.
സ്ത്രീകളുടെ അവകാശങ്ങൾ ലംഘിക്കുന്ന ഇസ്ലാമാബാദിനെതിരേയും യുഎൻ പ്രതിനിധി രൂക്ഷ വിമർശനം ഉന്നയിച്ചു. 1971-ൽ ഓപ്പറേഷൻ സെർച്ച്‌ലൈറ്റ് നടത്തിയതും സ്വന്തം സൈന്യം 4,00,000 സ്ത്രീകളെ വംശഹത്യയിലൂടെ കൂട്ടബലാത്സംഗം ചെയ്യുന്നതിനുള്ള ആസൂത്രിതമായ പ്രചാരണത്തിന് അനുമതി നൽകിയതുമായ ഒരു രാജ്യമാണ് പാക്കിസ്ഥാൻ. പാക്കിസ്ഥാന്‍റെ പ്രചാരണം ലോകം കാണുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഐക്യരാഷ്ട്രസഭയിലെ പാക്കിസ്ഥാന്‍റെ സ്ഥിരം ദൗത്യത്തിന്‍റെ ഭാഗമായ കൗൺസിലർ സൈമ സലീമിന്‍റെ പരാമർശങ്ങൾക്കെതിരേയായിരുന്നു ഇന്ത്യയുടെ പ്രതികരണം.
"യുദ്ധായുധമായി ലൈംഗിക അതിക്രമങ്ങൾ നേരിടേണ്ടി വരുന്ന, പതിറ്റാണ്ടുകളായി അധിനിവേശത്തിന് വിധേയരായ കശ്മീരി സ്ത്രീകളുടെ ദുരിതാവസ്ഥ'' യെ കുറിച്ചായിരുന്നു സലീം പരാമർശിച്ചത്.