
പഹൽഗാം ഭീകരാക്രമണവും ഓപ്പറേഷൻ സിന്ദൂറും ചർച്ച ചെയ്യാൻ പാർലമെന്‍റ്
ന്യൂഡൽഹി: പ്രതിപക്ഷ ബഹളത്തിൽ തടസപ്പെട്ട ആദ്യ ആഴ്ചയ്ക്കുശേഷം പാർലമെന്‍റ് തിങ്കളാഴ്ച വീണ്ടും ചേരുമ്പോൾ പഹൽഗാം ഭീകരാക്രമണവും ഓപ്പറേഷൻ സിന്ദൂറും വിശദമായി ചർച്ച ചെയ്യാൻ ഇരുസഭകളിലും തയാറെടുപ്പ്. ലോക്സഭയിൽ തിങ്കളാഴ്ചയും രാജ്യസഭയിൽ ചൊവ്വാഴ്ചയും 16 മണിക്കൂർ നീളുന്ന ചർച്ചകൾക്കാണു തീരുമാനം.
ഭീകരതയ്ക്കെതിരായ കേന്ദ്ര സർക്കാരിന്‍റെ ഇച്ഛാശക്തി വിശദീകരിക്കാനാകും ഭരണപക്ഷത്തിന്‍റെ ശ്രമം. എന്നാൽ, പഹൽഗാമിലെ സുരക്ഷാ വീഴ്ചയും സംഘർഷം അവസാനിപ്പിക്കാൻ ഇടപെട്ടെന്ന യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ വാദവും പ്രതിപക്ഷം ആയുധമാക്കും. ചർച്ചയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി മറുപടി പറയണമെന്ന ആവശ്യത്തോടു സർക്കാർ പ്രതികരിച്ചിട്ടില്ല. എന്നാൽ, അദ്ദേഹവും ചർച്ചയിൽ ഇടപെട്ടേക്കുമെന്നാണു സൂചന.
സർക്കാരിനു വേണ്ടി ഇരു സഭകളിലുമായി ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്, വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ തുടങ്ങി പ്രമുഖർ രംഗത്തിറങ്ങും. ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, രാജ്യസഭാ പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെ, എസ്പി അധ്യക്ഷൻ അഖിലേഷ് യാദവ് തുടങ്ങിയവർ പ്രതിപക്ഷത്തെ നയിക്കും.
കോൺഗ്രസ് എംപി ശശി തരൂരിന് ചർച്ചയിൽ അവസരം ലഭിക്കുമോ എന്നത് രാഷ്‌ട്രീയ കൗതുകമാണ്. സംസാരിക്കാൻ അവസരം സ്വീകരിച്ചാൽ അദ്ദേഹം സ്വീകരിക്കുന്ന നിലപാടും ശ്രദ്ധിക്കപ്പെടും.
ബിജെപിയിൽ നിന്ന് അനുരാഗ് ഠാക്കുർ, സുധാംശു ത്രിവേദി, നിഷികാന്ത് ദുബെ തുടങ്ങി തീപ്പൊരി നേതാക്കളും നയതന്ത്ര ഇടപെടലിനായി വിദേശ സന്ദർശനം നടത്തിയ സംഘത്തിലെ ഘടകകക്ഷി പ്രതിനിധികളായ ശ്രീകാന്ത് ഷിൻഡെ, സഞ്ജയ് ഝാ, ഹരീഷ് ബാലയോഗി തുടങ്ങിയവരും സർക്കാരിനു വേണ്ടി ചർച്ചയിൽ പങ്കെടുക്കും. ബിഹാർ വോട്ടർ പട്ടിക പരിഷ്കരണത്തിനെതിരായ പ്രതിപക്ഷ ബഹളത്തിൽ വർഷകാല സമ്മേളനത്തിന്‍റെ ആദ്യവാരം പൂർണമായി തടസപ്പെട്ടിരുന്നു.