ശീതകാല സമ്മേളനം: ഡിസംബർ രണ്ടാംവാരം തുടങ്ങും

നിയമസഭാ തെരഞ്ഞെടുപ്പു നടക്കുന്നതിനാലാണ് ഇത്തവണ സമ്മേളനം നീട്ടിയത്.
parliament winter session to begin in the second week of December
parliament winter session to begin in the second week of December

ന്യൂഡൽഹി: പാർലമെന്‍റിന്‍റെ ശീതകാല സമ്മേളനം ഡിസംബർ രണ്ടാംവാരം തുടങ്ങിയേക്കും. ഡിസംബറിനു മുൻപ് സമാപിക്കും. ഡിസംബർ മൂന്നിനാണ് അഞ്ചു സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണൽ.

ഇന്ത്യൻ ശിക്ഷാ നിയമം, ക്രിമിനൽ നടപടിച്ചട്ടം, തെളിവു നിയമം എന്നിവയ്ക്കു പകരമുള്ള മൂന്നു ബില്ലുകൾ ഈ സമ്മേളനം പരിഗണിക്കും. നിലവിൽ ആഭ്യന്തര കാര്യ സ്റ്റാൻഡിങ് കമ്മിറ്റി പരിശോധിക്കുകയാണ് ഈ ബില്ലുകൾ. സാധാരണഗതിയിൽ നവംബർ മൂന്നാം വാരത്തിലാണു ശീതകാല സമ്മേളനം തുടങ്ങുന്നത്. ഡിസംബർ 25നു മുൻപ് സമാപിക്കും. നിയമസഭാ തെരഞ്ഞെടുപ്പു നടക്കുന്നതിനാലാണ് ഇത്തവണ സമ്മേളനം നീട്ടിയത്. മുഖ്യ തെരഞ്ഞെടുപ്പു കമ്മിഷണറെയും തെരഞ്ഞെടുപ്പു കമ്മിഷണർമാരെയും നിയമിക്കുന്നതു സംബന്ധിച്ച ബില്ലും ഈ സമ്മേളനം പരിഗണിച്ചേക്കും. വർഷകാല സമ്മേളനത്തിൽ ഇതുസംബന്ധിച്ച ബിൽ സഭയിൽ വച്ച ബിൽ പുതിയ പാർലമെന്‍റിന്‍റെ ഉദ്ഘാടനത്തോടനുബന്ധിച്ചു ചേർന്ന പ്രത്യേക സമ്മേളനത്തിൽ പരിഗണിച്ചിരുന്നില്ല.

തെരഞ്ഞെടുപ്പു കമ്മിഷണർ നിയമനത്തിന് പ്രധാനമന്ത്രിയും ലോക്സഭാ പ്രതിപക്ഷ നേതാവും ചീഫ് ജസ്റ്റിസും ഉൾപ്പെടുന്ന സമിതിയെ നിയോഗിച്ച് സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. ഇതിനെ മറികടക്കാനാണു കേന്ദ്രം പുതിയ ബിൽ കൊണ്ടുവന്നത്. ഇതുപ്രകാരം ഭാവിയിൽ മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണറുൾപ്പടെയുള്ള ഉദ്യോഗസ്ഥരെ പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ ലോക്‌സഭയിലെ പ്രതിപക്ഷ നേതാവും ക്യാബിനറ്റ് മന്ത്രിയും അടങ്ങുന്ന മൂന്നംഗ സമിതിയാകും തെരഞ്ഞെടുക്കുക. പുതിയ ബില്ലിൽ മുഖ്യ തെരഞ്ഞെടുപ്പു കമ്മിഷണർക്കും തെരഞ്ഞെടുപ്പു കമ്മിഷണർമാർക്കും ക്യാബിനറ്റ് സെക്രട്ടറിയുടെ പദവിയാണു നൽകിയിട്ടുള്ളത്. നിലവിൽ സുപ്രീം കോടതി ജഡ്ജിയുടെ പദവിയാണ് കമ്മിഷണർമാർക്കുള്ളത്. ഇക്കാര്യം ചൂണ്ടിക്കാട്ടി മുൻ തെരഞ്ഞെടുപ്പു കമ്മിഷണർമാർ രംഗത്തെത്തിയിട്ടുണ്ട്. തെരഞ്ഞെടുപ്പു കമ്മിഷനെ സർക്കാരിനു നിയന്ത്രിക്കാൻ വഴിയൊരുക്കുന്നതാണു ബിൽ എന്ന ആരോപണവുമായി കോൺഗ്രസും രംഗത്തുണ്ട്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com