
ന്യൂഡൽഹി: പാർലമെന്‍റിന്‍റെ ബജറ്റ് സമ്മേളനത്തിന് വെള്ളിയാഴ്ച തുടക്കം. രാവിലെ 11ന് രാഷ്‌ട്രപതി ദ്രൗപദി മുർമു ഇരുസഭകളുടെയും സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്യും. ഫെബ്രുവരി 1, ശനിയാഴ്ചയാണു ബജറ്റ്. മൂന്നാം നരേന്ദ്ര മോദി സർക്കാരിന്‍റെ രണ്ടാം ബജറ്റാണ് ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിക്കുന്നത്. ഇന്ന് (ജനുവരി 31) മുതൽ ഏപ്രിൽ നാലു വരെ രണ്ടു ഘട്ടങ്ങളിലാണു സമ്മേളനം. ആദ്യഘട്ടം ഫെബ്രുവരി 13ന് അവസാനിക്കും. രണ്ടാം ഘട്ടം മാർച്ച് 10ന് തുടങ്ങി ഏപ്രിൽ നാലിന് സമാപിക്കും.
മഹാകുംഭമേളയ്ക്കിടെയുണ്ടായ ദുരന്തമുൾപ്പെടെ വിഷയങ്ങളിൽ സർക്കാരിനെ കടന്നാക്രമിക്കാനുള്ള തയാറെടുപ്പിലാണു പ്രതിപക്ഷം. വ്യാഴാഴ്ച പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങിന്‍റെ അധ്യക്ഷതയിൽ ചേർന്ന സർവകക്ഷി യോഗത്തിൽ കുംഭമേളയെ രാഷ്‌ട്രീയവത്കരിച്ചെന്നതുൾപ്പെടെ ആരോപണങ്ങൾ പ്രതിപക്ഷം ഉന്നയിച്ചിരുന്നു. അതേസമയം, വഖഫ് ഭേദഗതി ബിൽ ഉൾപ്പെടെ സുപ്രധാന ബില്ലുകളും ഈ സമ്മേളനത്തിൽ അവതരിപ്പിക്കാൻ സർക്കാർ ലക്ഷ്യമിടുന്നുണ്ട്.