ഇലക്റ്ററൽ ബോണ്ട്: പല പാർട്ടികൾക്ക് പല ന്യായം

ഓഫിസില്‍ ആരോ കൊണ്ടിട്ട കവറിലെ പത്ത് കോടി രൂപയുടെ ബോണ്ടാണ് പണമാക്കി മാറ്റിയതെന്ന് ഒരു പാർട്ടിയുടെ വിശദീകരണം
Electoral Bond
Electoral Bond

ന്യൂഡല്‍ഹി: ഇലക്റ്ററൽ ബോണ്ട് വിഷയത്തിൽ വിവരങ്ങൾ പങ്കുവയ്ക്കാൻ രാഷ്‌ട്രീയ കക്ഷികൾ വിസമ്മതിക്കുന്നത് വ്യത്യസ്ത കാരണങ്ങൾ ചൂണ്ടിക്കാട്ടി. പാര്‍ട്ടി ഓഫിസിലെ ഡ്രോപ്പ്ബോക്‌സിലും പേര് വെളിപ്പെടുത്താത്ത തപാലിലുമാണു ബോണ്ടുകൾ ലഭിച്ചതെന്നാണു ചില പാര്‍ട്ടികളുടെ വിശദീകരണം. രാഷ്‌ട്രീയ കക്ഷികളുടെ വരുമാനത്തിന്‍റെ വിവരങ്ങള്‍ വെളിപ്പെടുത്തേണ്ടതില്ലെന്ന്, 1951ലെ ജനപ്രാതിനിധ്യ നിയമത്തില്‍ വരുത്തിയ ഭേദഗതികൾ, റിസര്‍വ് ബാങ്ക് ഒഫ് ഇന്ത്യയുടെ നിയമത്തിലെ ഭാഗങ്ങൾ, ആദായ നികുതി നിയമം തുടങ്ങിയവ ചൂണ്ടിക്കാട്ടിയാണു ബിജെപിയുടെ പ്രതിരോധം.

രാഷ്‌ട്രീയ കക്ഷികള്‍ക്ക് ലഭിക്കുന്ന സംഭാവനകള്‍ സുതാര്യമാക്കാനാണു ബോണ്ടുകൾ പുറത്തിറക്കിയത്. സംഭാവന നൽകുന്നവർക്ക് സംരക്ഷണം നൽകണമെന്നും അവർക്ക് ദോഷമുണ്ടാകരുതെന്നും തെരഞ്ഞെടുപ്പ് കമ്മിഷന് അയച്ച കത്തില്‍ ബിജെപി പറയുന്നു.

ബോണ്ട് വാങ്ങിയവരുടെ വിശദ വിവരങ്ങൾ തേടി കോൺഗ്രസ്, എസ്ബിഐക്ക് കത്തയച്ചു. അക്കൗണ്ട് വിവരങ്ങളും തീയതിയും വേണമെന്നാണ് ആവശ്യം. കമ്മിഷന് കൈമാറിയ വിശദാംശങ്ങള്‍ രാഷ്‌ട്രീയ പാര്‍ട്ടികള്‍ക്കും നല്‍കിയിട്ടുണ്ടെന്നു ബാങ്ക് മറുപടിയും നൽകി.

പത്ത് ലക്ഷത്തിന്‍റെയും ഒരു ലക്ഷത്തിന്‍റെയും ബോണ്ട് വിവരങ്ങൾ പങ്കുവച്ച സമാജ്‌വാദി പാർട്ടി, ഒരു കോടിയുടെ പത്ത് ബോണ്ടുകൾ ലഭിച്ചത് തപാലിലായതിനാൽ കൂടുതൽ വിവരങ്ങളില്ലെന്നു പറയുന്നു. ഡിഎംകെയ്ക്ക് ലഭിച്ച കടപ്പത്രങ്ങളില്‍ 77 ശതമാനവും സാന്‍റിയാഗോ മാര്‍ട്ടിന്‍റെ ഫ്യൂച്ചര്‍ ഗെയിമിങ് ആൻഡ് സർവീസസിൽ നിന്നാണെന്നു പാർട്ടി പറയുന്നു. കൂടുതൽ കണക്ക് ശേഖരിച്ചുവരികയാണെന്നും ഡിഎംകെ.

ദാതാക്കളുടെ വിവരങ്ങള്‍ ലഭ്യമല്ലെന്നാണ് തെലുഗുദേശം പാര്‍ട്ടി വ്യക്തമാക്കിയിരിക്കുന്നത്. തപാലിലെത്തിയ ബോണ്ടുകൾ ഡ്രോപ്പ് ബോക്സിൽ നിന്നാണ് ലഭിച്ചതെന്നും മറ്റൊന്നും അറിയില്ലെന്നും തൃണമൂൽ കോൺഗ്രസ്. സന്ദേശവാഹകൻ വഴിയും ബോണ്ട് ലഭിച്ചു. എന്നാൽ, പാര്‍ട്ടിയുടെ അഭ്യുദയകാംക്ഷികളായ അവര്‍ക്ക് തങ്ങളുടെ വിവരങ്ങള്‍ വെളിപ്പെടുത്താന്‍ താത്പര്യമില്ലെന്നാണ് തൃണമൂലിന്‍റെ വാദം.

സംഭാവന നല്‍കിയവരുടെ വിവരങ്ങള്‍ ശേഖരിച്ചിട്ടില്ലെന്നാണ് എന്‍സിപിയുടെ വിശദീകരണം. ഒന്നരക്കോടിയുടെ ബോണ്ടിന്‍റെ വിശദാംശങ്ങള്‍ ഇപ്പോള്‍ ലഭ്യമല്ലെന്ന് ആർജെഡി പറയുമ്പോൾ, ഓഫിസില്‍ ആരോ കൊണ്ടിട്ട ഒരു കവറിലെ പത്ത് കോടി രൂപയുടെ ബോണ്ടാണ് തങ്ങൾ പണമാക്കി മാറ്റിയതെന്ന് ജെഡിയു അവകാശപ്പെടുന്നു.

Trending

No stories found.

Latest News

No stories found.