

ഛത്തിസ്ഗഡ് ഹൈക്കോടതി.
ബിലാസ്പുർ: സംസ്ഥാനത്തെ എട്ടു ഗ്രാമങ്ങളിൽ പാസ്റ്റർമാരുടെയും പരിവർത്തിത ക്രൈസ്തവരുടെയും പ്രവേശനം വിലക്കിക്കൊണ്ടുള്ള ഹോർഡിങ്ങുകൾ സ്ഥാപിച്ചതിനെതിരായ ഹർജികൾ ഛത്തിസ്ഗഡ് ഹൈക്കോടതി തള്ളി. പ്രലോഭനത്തിലൂടെയും ചതിയിലൂടെയുമുള്ള നിർബന്ധിത മതപരിവർത്തനം തടയാനാണ് ഇത്തരം ഹോർഡിങ്ങുകളെന്നും ഇത് ഭരണഘടനാവിരുദ്ധമല്ലെന്നും ചീഫ് ജസ്റ്റിസ് രമേഷ് സിൻഹ, ജസ്റ്റിസ് ബിഭു ദത്ത ഗുരു എന്നിവരുടെ ബെഞ്ച് നിരീക്ഷിച്ചു. തദ്ദേശീയ ഗോത്രവിഭാഗത്തിന്‍റെ താത്പര്യം കണക്കിലെടുത്തും പ്രാദേശിക സാംസ്കാരിക പൈതൃകം സംരക്ഷിക്കാനുമായി ബന്ധപ്പെട്ട ഗ്രാമസഭകളാണ് ബോർഡ് സ്ഥാപിച്ചതെന്നും ഹൈക്കോടതി.
കാങ്കർ സ്വദേശി ദിഗ്ബൽ തണ്ഡി, ബസ്തർ സ്വദേശി നരേന്ദ്ര ഭവാനി എന്നിവരുടെ ഹർജികൾ തള്ളിക്കൊണ്ടാണു വിധി. ക്രൈസ്തവരോടും തങ്ങളുടെ മതനേതാക്കളോടുമുള്ള വിവേചനമാണ് ഇത്തരം ബോർഡുകളെന്നായിരുന്നു ഇവരുടെ വാദം. നമ്മുടെ പാരമ്പര്യം, നമ്മുടെ പൈതൃകം പേരിൽ പ്രമേയം പാസാക്കാൻ പഞ്ചായത്ത് വകുപ്പ് ജില്ലാ, ഗ്രാമ പഞ്ചായത്തുകളോട് നിർദേശിച്ചെന്നും ഈ സർക്കുലറുകളുടെ യഥാർഥ ഉദ്ദേശ്യം പാസ്റ്റർമാരും പരിവർത്തിത ക്രൈസ്തവരും ഗ്രാമത്തിൽ പ്രവേശിക്കുന്നത് വിലക്കുന്ന പ്രമേയം പാസാക്കുക എന്നതായിരുന്നെന്നും ഹർജികളിൽ ആരോപിച്ചിരുന്നു.
ഗോത്ര മേഖലയിലെ പഞ്ചായത്തുകൾക്ക് സാംസ്കാരിക പൈതൃകം സംരക്ഷിക്കാൻ അവകാശം നൽകുന്ന 1996ലെ പെസ നിയമത്തിന്‍റെ അഞ്ചാ ഷെഡ്യൂളിൽപ്പെടുന്ന ഭാനുപ്രതാപ്‌പുരിലെ ഘോട്ടിയ ഗ്രാമപഞ്ചായത്ത് ഇത്തരമൊരു ഹോർഡിങ് സ്ഥാപിച്ചിട്ടുണ്ട്. ഇതിനുപുറമേ ഇവിടത്തെ ഗ്രാമസഭ പ്രമേയവും പാസാക്കി. കുഡാൽ, പർവി, ജുൻവനി, ഘോട്ട, ഹവേചുർ, മുസുർപുട്ട, സുലാംഗി എന്നീ ഗ്രാമങ്ങളും സമാനമാതൃക പിന്തുടർന്നു.
ഇതു ന്യൂനപക്ഷങ്ങളിൽ ഭീതിയുണ്ടാക്കുന്നുവെന്നും ഗ്രാമസഭയ്ക്ക് ഇത്തരം പ്രമേയങ്ങൾ പാസാക്കാൻ അധികാരമില്ലെന്നുമായിരുന്നു ഹർജിക്കാരുടെ വാദം. ഭരണഘടനയുടെ 25ാം അനുച്ഛേദം ഉറപ്പുനൽകുന്ന വിശ്വാസ സ്വാതന്ത്ര്യത്തിനെതിരാണ് ഈ നടപടിയെന്നും ഹർജിക്കാർ വാദിച്ചു.
എന്നാൽ, ആരാധനാകേന്ദ്രങ്ങൾ, ആരാധനാ സമ്പ്രദായങ്ങൾ, തനത് ആചാരങ്ങൾ, ജീവിത ശൈലി എന്നിവ സംരക്ഷിക്കാൻ പെസ നിയമം ഗോത്രഗ്രാമങ്ങൾക്ക് അധികാരം നൽകുന്നുണ്ടെന്ന് അഡീഷനൽ അഡ്വക്കെറ്റ് ജനറൽ വൈ.എസ്. ഠാക്കുർ പറഞ്ഞു. എതിർപ്പുള്ളവർ റവന്യൂ അധികൃതരെയാണ് സമീപിക്കേണ്ടത്. അതിനു പകരം കോടതിയെ സമീപിച്ചത് അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.