

ഹവിൽദാർ ജങ്കോകായ് കുക്കി
ഗുവാഹത്തി: അരുണാചൽ പ്രദേശിൽ കലാപകാരികൾ നടത്തിയ ആക്രമണത്തിൽ ഒരു അസം റൈഫിൾസ് ജവാൻ വീരമൃത്യു വരിച്ചു. നാല് പേർക്ക് പരുക്കേറ്റു. മ്യാൻമറുമായി അതിർത്തി പങ്കിടുന്ന ചാങ്‌ലാങ് ജില്ലയിൽ ചൊവ്വാഴ്ച രാവിലെ 6.30നാണ് സംഭവം.
ഹവിൽദാർ ജങ്കോകായ് കുക്കി (42) ആണ് കൊല്ലപ്പെട്ടത്. അതിർത്തി പ്രദേശത്ത് 21 അസം റൈഫിൾസ് ബറ്റാലിയനിലെ സൈനികർ പട്രോളിങ് നടത്തവേയാണ് ആക്രമണമുണ്ടായത്. പരുക്കേറ്റ സൈനികർ സൈനിക ആശുപത്രിയിൽ ചികിത്സയിലാണ്.
എൻഎസ്‌സിഎൻ കെ-വൈഎ വിഭാഗത്തിൽപ്പെട്ട കലാപകാരികളാണ് ആക്രമണം നടത്തിയതെന്നാണ് പ്രാഥമിക വിവരം. സംഭവത്തെ തുടർന്ന് സുരക്ഷാസേന പ്രദേശത്ത് സൈനിക നീക്കം ആരംഭിച്ചു. ഇന്ത്യ-മ്യാൻമർ അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന ചാങ്‌ലാങ് ജില്ല ഏറെ തന്ത്രപ്രധാനമായ മേഖലയാണ്. കലാപകാരികളുടെ ശക്തമായ സാന്നിധ്യമുള്ള മേഖലയാണ് ഇവിടം.