
ന്യഡൽഹി: കോൺഗ്രസ് പ്ലീനറി സമ്മേളനത്തിൽ പങ്കെടുക്കാൻ റായ്പൂരിലേക്കു പോവുകയായിരുന്ന ദേശീയ വക്താവ് പവൻ ഖേരയെ വിമാനത്തിൽ നിന്ന് പുറത്താക്കി. തുടർന്ന് പവൻ ഖേരക്കെതിരെ അറസ്റ്റ് വാറന്‍റ് പുറപ്പെടുവിച്ചു. അറസ്റ്റ് അസം പൊലീസിന്‍റെ നിർദ്ദേശപ്രകാരമാണെന്നാണ് ഡൽഹി പൊലീസ് നൽകുന്ന വിശദീകരണം. ഡൽഹി വിമാനത്താവത്തിൽ ഇൻഡിഗോ വിമാനത്തിൽ നിന്നുമാണ് പവൻ ഖേരയോട് അധികൃതർ ഇറങ്ങാൻ ആവശ്യപ്പെട്ടത്. അദ്ദേഹത്തിന്‍റെ പേരിൽ കേസുള്ളതാനാൽ വിമാനത്തിൽ യാത്ര ചെയ്യാൻ സാധിക്കില്ലെന്ന് പറഞ്ഞാണ് അധികൃതർ പുറത്താക്കിയതെന്നാണ് കോൺഗ്രസ് ആരോപണം. കൂടാതെ ലഗേജുകൾ പരിശോധിക്കണമെന്നും ആവശ്യപ്പെട്ടതായി കോൺഗ്രസ് നേതാക്കൾ പറഞ്ഞു.
ഇന്ന് രാവിലെയോടെയാണ് സംഭവം. പ്ലീനറി സമ്മേളനത്തിൽ പങ്കെടുക്കാൻ മറ്റ് നേതാക്കൾക്കൊപ്പമാണ് പവൻ ഖേരയും വിമാനത്താവളത്തിലെത്തിയത്. അപ്പോഴായിരുന്നു സംഭവം. പവൻ ഖേരയെ പുറത്താക്കിയതോടെ മറ്റ് നേതാക്കളടക്കം എല്ലാവരും വിമാനത്തിൽ നിന്നും തിരിച്ചിറങ്ങി. കെ സി വേണു ഗോപാലടക്കം കടുത്ത പ്രതിക്ഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.
പ്രധാനമന്ത്രിയെ വിമർശിച്ചതിന്‍റെ പേരിലാണ് നടപടിയെന്നാണ് കോൺഗ്രസ് പറയുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അധിക്ഷേപിച്ചെന്ന പരാതിയിൽ പവൻ ഖേരയ്‌ക്കെതിരെ യുപി പൊലീസ് കഴിഞ്ഞ ദിവസം കേസെടുത്തിരുന്നു. അദാനിയുമായി ബന്ധപ്പെട്ടുള്ള വാർത്ത സമ്മേളനത്തിൽ നരേന്ദ്ര ദാമോദർദാസ് മോദി എന്നതിനു പകരം നരേന്ദ്ര ഗൗതം ദാസ് മോദി എന്നാണ് പറഞ്ഞത്. അടുത്തിരുന്ന ആളോട് പ്രധാനമന്ത്രിയുടെ പേരിൽ ദാമോദർദാസ് ആണോ ഗൗതംദാസ് ആണോ ഉള്ളതെന്ന് ഖേര ചോദിച്ചു. ദാമോദർദാസ് ആണെന്ന് മറുപടി കിട്ടി. തുടർന്ന് പേരിൽ ദാമോദർദാസ് ആണെങ്കിലും പ്രവൃത്തി ഗൗതംദാസിന്‍റേതാണെന്നാണ് ഖേര പറഞ്ഞത്. പരാമർശം തികച്ചും ആക്ഷേപകരമാണെന്നു ചൂണ്ടിക്കാട്ടി ലക്നൗവിലെ ബിജെപി നേതാക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്